Asianet News MalayalamAsianet News Malayalam

'തുടക്കം തന്നെ ഞാന്‍ സീനാക്കി'; ആദ്യ സിനിമയിലെ അനുഭവം പറഞ്ഞ് 'തണ്ണീര്‍മത്തനിലെ സ്റ്റെഫി'

'സെറ്റിലെ ആദ്യദിവസം തന്നെ ഞാന്‍ ഒന്നര മണിക്കൂര്‍ വൈകി. എല്ലാരും വിളിയോട് വിളി. എജ്ജാതി തുടക്കം അല്ലേ?'

gopika ramesh about the experience in Thanneer Mathan Dinangal
Author
Thiruvananthapuram, First Published Jul 31, 2019, 5:34 PM IST

സമീപകാലത്ത് ഒരു മലയാള സിനിമ നേടുന്ന വലിയ ജനപ്രീതിയിലേക്ക് കുതിക്കുകയാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. പുതുമുഖ സംവിധായകനായ ഗിരീഷ് എ ഡി ഒരുക്കിയ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലും ഒരുകൂട്ടം പുതുമുഖങ്ങളുണ്ട്. നായികാനായകന്മാരായ അനശ്വര രാജനും തോമസ് മാത്യുവും മുന്‍ചിത്രങ്ങളിലൂടെ പ്രക്ഷകര്‍ക്ക് പരിചിതരാണെങ്കില്‍ ചിത്രത്തിലെ മറ്റ് 'പ്ലസ് ടു വിദ്യാര്‍ഥികളി'ല്‍ പലരും പുതുമുഖങ്ങളാണ്. അതിലൊരാളാണ് 'സ്റ്റെഫി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിക രമേശ്. ആദ്യ സിനിമാനുഭവത്തിന്റെ രസങ്ങളെക്കുറിച്ച് പറയുകയാണ് ഗോപിക. ചിത്രീകരണത്തിന്റെ ആദ്യദിനം തന്നെ ഒന്നര മണിക്കൂര്‍ വൈകിയാണ് എത്തിയതെന്നും അതില്‍ കുറ്റബോധം തോന്നിയെന്നും പറയുന്നു ഗോപിക. ഫേസ്ബുക്കിലൂടെയാണ് പുതുമുഖതാരത്തിന്റെ വിവരണം.

gopika ramesh about the experience in Thanneer Mathan Dinangal

ഗോപിക രമേശ് പറയുന്നു

ന്റെ ആദ്യത്തെ സിനിമയിലാദ്യം ചെയ്ത സീന്‍. തുടക്കം തന്നെ ഞാന്‍ സീനാക്കി. കഥ ഞാന്‍ പറഞ്ഞുതരാം. സെറ്റിലെ ആദ്യദിവസം തന്നെ ഞാന്‍ ഒന്നര മണിക്കൂര്‍ വൈകി. എല്ലാരും വിളിയോട് വിളി. എജ്ജാതി തുടക്കം അല്ലേ? ലേറ്റായാലും ഞാന്‍ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്. വന്നപാടേ സിനൂപ് ചേട്ടനും ജോണേട്ടനുമെത്തി വൈപ്‌സുമായിട്ട്. മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു. കണ്ണെഴുതി വന്ന ഞാന്‍ പ്ലിംഗ്! എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാന്‍ വായിച്ചെടുത്തു. ജോണേട്ടനെന്നെ സ്റ്റെഫിയാക്കിയടുത്തുകഴിഞ്ഞ് ഞാനെന്റെ ആദ്യ സീനിനായി ഇരിക്കുമ്പോ, ദാ മുമ്പില്‍ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫര്‍ ജോമോണ്‍ ടി ജോണ്‍. പിന്നെ എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു. സന്തോഷം വാനോളമായിരുന്നു. വൈകിയെത്തിയതിന്റെ ഒരു കുറ്റബോധം മനസ്സിന്റെ ഉള്ളിന്റെയുള്ളില് കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കുളായോണ്ട് അത് കൂട് വീട്ട് പറന്നു. സോ ആ സീന്‍ നൈസായിട്ട് തന്നെ ചെയ്തു. ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങള്‍ ഏറ്റെടുത്തത് കാണുമ്പോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേള്‍ക്കുമ്പോഴും മനസ്സ് നിറയുന്നു. അതുമാത്രല്ല. അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സംതൃപ്തിയും.

gopika ramesh about the experience in Thanneer Mathan Dinangal

രവി പദ്മനാഭന്‍ എന്ന അസാധാരണത്വമുള്ള ഒരു പ്ലസ് ടു അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Follow Us:
Download App:
  • android
  • ios