തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. ഷാബുവിന്റെ കുടുംബത്തിന്‍റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നൽകാൻ തിരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാബുരാജ് മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി ഷാബുവിന്റെ ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്. ഇവർക്ക് നാല് മക്കളുണ്ട്. 20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. 

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത കോമഡി സ്റ്റാര്‍സിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. കോമഡി സ്റ്റാര്‍സ് 2വില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ വേഷങ്ങള്‍ ഷാബുരാജ് ചെയ്‍തിരുന്നു. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സില്‍ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. സ്‍ത്രീവേഷങ്ങളായിരുന്നു അധികവും ചെയ്‍തിരുന്നത്. അടുത്തകാലത്ത് പുരുഷവേഷങ്ങളിലും തിളങ്ങി.