യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കി പുതുമുഖ സംവിധായകൻ ആനന്ദ് പാഗ എഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ സസ്‍പെൻസ് ത്രില്ലർ ആണ് ഗ്രഹണം. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് ചിത്രീകരണം നടത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫഹദ് ആണ് പുറത്തുവിട്ടത്.

ശ്രീനന്ദിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന ഗ്രഹണത്തിൽ സ്വീകരിച്ചിരിക്കുന്നത് ഏകപാത്ര കേന്ദ്രീകൃതമായി നീങ്ങുന്ന പതിവ് ത്രില്ലർ സ്വഭാവത്തിൽ നിന്ന് മാറിയുള്ള തിരക്കഥാ ശൈലിയാണ്. ത്രസിപ്പിക്കുന്ന  ദൃശ്യങ്ങളിലൂടെയും മനോഹരമായ പാട്ടുകളിലൂടെയും ലളിതമായ നർമ്മത്തിലൂടെയും  സാന്ദ്രമായ വൈകാരിക സന്ദർഭങ്ങളിലൂടെയും വ്യത്യസ്‍തവും രസകരവുമായ ഒരു ചിത്രമായിരിക്കും ഗ്രഹണം എന്നാണ് സിനിയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.

സിംഗപ്പൂരിലെ തിയേറ്റർ - ടിവി മേഖലയിൽ ജനപ്രീതി നേടിക്കഴിഞ്ഞ ജിബു ജോർജ്, ദേവിക ശിവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജയറാം നായർ, സുധീർ കരമന, വിജയ് മേനോൻ എന്നിവർക്കൊപ്പം പ്രമുഖ യൂട്യൂബർമാരായ സൂരജ്, ആൻ (വി ആർ എ സംഭവം ഫെയിം) എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

രാജ്  വിമൽ ദേവ്  ഛായാഗ്രഹണവും മിന്നൽ മുരളി, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച അജ്‍മൽ സാബു ചിത്രസംയോജനവും നിർവ്വഹിക്കുന്നു. 
ലിങ്കു  എബ്രഹാമിനെ വരികൾക്ക്  ആനന്ദ് കുമാർ സംഗീതം നൽകിയിരിക്കുന്നു. കെ എസ് ഹരിശങ്കർ, വിനീത് ശ്രീനിവാസൻ, വൈഷ്‍ണവി കണ്ണൻ  എന്നിവർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഹരിശങ്കർ ആലപിച്ച 'വെണ്‍മുകിലായ്' എന്ന ഗാനത്തിന്റെ ലിറിക്  വീഡിയോ യൂട്യൂബിൽ ഇതിനകം തന്നെ തരംഗമായി കഴിഞ്ഞിട്ടുണ്ട് .

ആസിഫ് അലിയും സണ്ണി വെയ്‍നും ആണ് ഗാനം പുറത്തിവിട്ടത്.

വെണ്‍മുകിലായ് എന്ന ഗാനത്തിന്റെ വീഡിയോ ഗുഡ്‍വിൽ യൂട്യൂബ് ചാനലിൽ ഉടൻ റിലീസ് ചെയ്യും.