ടി പാര്‍വതി തിരുവോത്തിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. താനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണെന്ന് പാര്‍വതിയെന്ന് ഹരീഷ് പറയുന്നു. തിരുത്തലുകൾക്ക് തയ്യാറാകാൻ മനസുള്ളവർക്ക് അവർ അധ്യാപികയാണെന്നും കെട്ടകാലത്തിന്റെ പ്രതീക്ഷയാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആരാണ് പാർവ്വതി?...ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി...തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്...

താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി പാര്‍വതിക്കെതിരെ കഴിഞ്ഞ ദിവസം രചനാ നാരായണന്‍കുട്ടി രം​ഗത്തെത്തിയിരുന്നു. വിവാദത്തില്‍ വിശദീകരണം നൽകി സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു വന്ന കമന്റിലാണ് രചനയുടെ പരാമര്‍ശം. പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കൽ മനസ്സിലാകുമെന്നും രചനയുടെ കുറിപ്പില്‍ ഒരാൾ എഴുതുകയുണ്ടായി. എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്നും ഇത് എന്റെ ശബ്ദമാണെന്നുമായിരുന്നു രചന നൽകിയ മറുപടി.

മോഹന്‍ലാല്‍, സിദ്ദിഖ് തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ നില്‍ക്കുന്നതിനിടയ്ക്ക് കമ്മിറ്റി അംഗമായ ഹണി റോസിനൊപ്പം താന്‍ ഇരിക്കുന്നതിന്റെ ചിത്രവും രചന കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. അതേസമയം, ഈ ചിത്രം പങ്കുവച്ചത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പാര്‍വതി പറഞ്ഞത് നിങ്ങൾക്കു കൊണ്ടു എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിന് മറുപടിയായി രചന കുറിച്ചത് ‘ആരാണ് ഈ പാര്‍വതി’ എന്ന മറു ചോദ്യമായിരുന്നു.

ഈ വിഷയത്തിന് മറുപടിയാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. പേരടിയുടെ നിലപാടിനോട് അനുകൂലിച്ചു കൊണ്ടും വിമർശിച്ചു കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്.