പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം'. കുഞ്ഞാലിമരയ്ക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനൗദ്യോഗികമായി പുറത്തെത്തിയ ഈ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ 'വണ്ണക്കൂടുതല്‍' ഫേസ്ബുക്കില്‍ പലര്‍ക്കും പരിഹസിക്കാനുള്ള 'കണ്ടെത്തലാ'യിരുന്നു. കുഞ്ഞാലിമരയ്ക്കാരായി സ്‌ക്രീനിലെത്താനുള്ള 'യോഗ്യതയില്ലായ്മ'യെന്നും ചിലരെല്ലാം ഈ ചിത്രത്തെ വിലയിരുത്തി. എന്നാല്‍ മോഹന്‍ലാലിനെതിരായ ബോഡി ഷെയ്മിംഗിനെതിരേ പ്രതികരിച്ച സിനിമാപ്രേമികളുമുണ്ടായിരുന്നു. ഒരു ലൊക്കേഷന്‍ ചിത്രത്തിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. മരയ്ക്കാരില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 'മരയ്ക്കാരില്‍ അടുത്ത് നിന്ന് അനുഭവിച്ച മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

ഹരീഷ് പേരടി എഴുതുന്നു

ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി. ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്. നിരവധി തവണ ആവര്‍ത്തിച്ച് കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആയോധനകലയിലെ പുലികളായ ഒരുപാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം.