സൗന്ദര്യം ,ആരോഗ്യം,അഭിപ്രായം, രാഷ്‍ട്രീയം എല്ലാം കാത്തു സൂക്ഷിക്കുന്ന മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പ്.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ 1971 ഓഗസ്റ്റ് ആറിന് ആണ് സിനിമയ്‍ക്കൊപ്പം മമ്മൂട്ടിയും സ്‍ക്രീനില്‍ എത്തിയത്. മലയാളത്തിന്റെ ആദ്യത്തെ മഹാനടൻ സത്യന്റെ അവസാന സിനിമയുമായിരുന്നു അത്. ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും എന്നാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹരീഷ് പേരടി എഴുതിയിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്

ഒരാൾ അയാളുടെ സൗന്ദര്യം ,ആരോഗ്യം,അഭിപ്രായം, രാഷ്‍ട്രീയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്‍ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും. പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനുശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്. അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ്. ഞാൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക..ഇഷ്‍ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്‍ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ അയാൾ വലിയ മനുഷ്യനാണ്. ജീവിതം സന്യാസമാണ്. അഭിനേതാവ്, നടൻ, നല്ലനടൻ, എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക സാർ.

അമ്പത് വർഷങ്ങൾക്കുമുന്നിൽ തലകുനിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ ആശംസകൾ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.