കച്ചവടമൂല്യത്തിനൊപ്പം കലാമൂല്യവുമുള്ള സിനിമകള്‍ മലയാളികള്‍ക്കു സമ്മാനിച്ച നിര്‍മ്മാതാവ് ആയിരുന്നു ഹരി പോത്തന്‍. വാടകയ്ക്ക് ഒരു ഹൃദയവും ലോറിയും അരപ്പട്ട കെട്ടിയ ഗ്രാമത്തിലുമൊക്കെ മലയാളി സിനിമാപ്രേമിയുടെ മുന്നിലേക്കെത്തിയത് 'സുപ്രിയ'യുടെ ബാനറില്‍ ആയിരുന്നു. അശ്വമേധം മുതല്‍ മാളൂട്ടി വരെ 24 സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ഹരി പോത്തന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷം പിന്നിടുന്ന വേളയില്‍ സുപ്രിയയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയൊരു നിര്‍മ്മാണ കമ്പനിയ്ക്ക് തുടക്കമാവുകയാണ്.

ദി ഡ്രീം മര്‍ച്ചന്‍റ്സ് എന്നാണ് പുതിയ നിര്‍മ്മാണ കമ്പനിയുടെ പേര്. പുതിയ സംരംഭത്തിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു- "മലയാളത്തിലെ എക്കാലത്തെയും മികച്ച, മാറ്റത്തിന്‍റെ കാഹളമോതിയ നിരവധി സിനിമകൾ സംഭാവന ചെയ്ത സുപ്രിയ ഫിലിംസ്, അതിന്‍റെ അമരക്കാരനായിരുന്ന ഹരിപോത്തൻ ബാക്കിവച്ചുപോയ ചലച്ചിത്ര സ്വപ്‌നങ്ങൾക്ക് നിറം പകരാൻ പുനർജ്ജനിക്കുന്നു എന്നറിയുന്നതിൽ ഞാൻ അതീവ സന്തോഷവാനാണ്. #The_Dream_Merchants ! അങ്ങിനെയാണ് സുപ്രിയയുടെ പുതിയ തലമുറ അറിയപ്പെടുക. സുപ്രിയയെപ്പോലെ മികച്ച സിനിമകൾ നമുക്ക് സമ്മാനിക്കാൻ ഡ്രീം മർച്ചന്‍റ്സിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു."