സിനിമാ മേഖലയില്‍ താരങ്ങള്‍ക്ക് നേരെ പല ആരോപണങ്ങള്‍ സ്വാഭാവികമാണ്. താരങ്ങള്‍ അത് എങ്ങനെ നേരിടുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും നുണക്കഥകള്‍ക്ക് പ്രചാരണം ലഭിക്കുക. നടി ബിന്ദു പണിക്കരുടെ പേരിനൊപ്പം തന്‍റെ പേര് ചേര്‍ത്ത് കേട്ട ആരോപണങ്ങളെ നേരിട്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കി സായ്‍കുമാര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സായ് കുമാറിന്‍റെ പ്രതികരണം. 

കുടുംബകോടതിയില്‍ വിവാഹമോചനക്കേസ് നടക്കുന്ന സമയത്ത് പല സ്ത്രീകളെ ചേര്‍ത്ത് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. അതില്‍ ഒടുവിലായി വന്നതായിരുന്നു ബിന്ദുവിന്‍റെ പേര്. കൊച്ചി വാഴക്കാലയിലായിരുന്നു വാടകയ്ക്ക് താമസിച്ചത്. നടന്‍ കുഞ്ചാക്കോ ബോബനാണ് സിറ്റിയിലേക്ക് താമസം മാറിക്കൂടേയെന്ന് ചോദിച്ചത്. വീടന്വേഷണവുമായി അബാദില്‍ എത്തിയപ്പോള്‍ ബിന്ദു പണിക്കരും അവിടെയെത്തി. വീട് ലഭിച്ചപ്പോള്‍ മൂന്നാം നിലയിലും നാലാം നിലയിലുമായി വീടും കിട്ടി. 

സംസാരിച്ച് ഇറങ്ങിയപ്പോള്‍ ഓഫീസിലൊരാള്‍ ചോദിച്ചു രണ്ടാള്‍ക്കും കൂടി ഇനി ഒരു അഡ്രസ് അല്ലേ വേണ്ടതെന്ന്? അല്ല അനിയാ ഒന്നാകുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞ് അത് തമാശയാക്കിയെന്ന് സായ്‍കുമാര്‍ പറഞ്ഞു. 2009ല്‍ തുടങ്ങിയ വിവാഹമോചനക്കേസ് അവസാനിച്ചത് 2017ല്‍ ആണ്.  അതിന് ശേഷമാണ് ബിന്ദുവുമൊന്നിച്ച് താമസിക്കാന്‍ തുടങ്ങിയതെന്ന് സായ്കുമാര്‍  വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.