വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്‍തുകൊണ്ട് സൗബിന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് കേസ്
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ നടന്‍ സൗബിന്‍ ഷാഹിറിന് വീണ്ടും തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാസ്പോർട്ട് വിട്ടുനൽകണമെന്നും വിദേശത്ത് പോകാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹൈക്കോടതി തള്ളിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിൻ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. എസ്ഐ കെ കെ സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്‍റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.
കേസിന്‍റെ പശ്ചാത്തലം
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജിയിട്ടുണ്ട്.

