'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസ് ദിവസം ഒരു കമ്പനിക്ക് അവധി.


മോഹൻലാല്‍ നായകനാകുന്ന ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) തിയറ്ററുകളിലേക്ക് എത്തുകയാണ്. വൻ വരവേല്‍പ് ചിത്രത്തിന് നല്‍കാനായി ആരാധകര്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ നിറയുകയാണ്. ഇപോഴിതാ മോഹൻലാല്‍ ചിത്രം കാണാൻ ജീവനക്കാര്‍ക്ക് അവധി നല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അറിയിക്കുകയാണ് പികെ ബിസിനസ് സൊല്യൂഷൻ.

Add Asianetnews as a Preferred SourcegooglePreferred

ചെന്നയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലി കോളിംഗ് കമ്പനിയാണ് പികെ ബിസിനസ് സൊല്യൂഷൻ. 10 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. എല്ലാവരും മോഹൻലാല്‍ ചിത്രം കാണാൻ പോകുന്നതിനാല്‍ കമ്പനിക്ക് മൊത്തം ലീവ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പികെ ബിസിനസ് സൊല്യൂഷൻ എം ഡി അഖില്‍ പരമേശ്വരൻ കൗടല്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും തിയറ്ററുകളില്‍ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്നും അഖില്‍ പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 100 കോടി ക്ലബില്‍ എത്തിയെന്ന് ഇന്ന് മരക്കാര്‍: അറബിക്കടലിന്റെ സിംഹം പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.