കന്നഡ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ബാനറിന് ഇന്ത്യ മുഴുവനും ശ്രദ്ധ ലഭിക്കാന്‍ ഇടയാക്കിയത് കെജിഎഫ് ഫ്രാഞ്ചൈസിയാണ്

കെജിഎഫ് (KGF) ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസ് (Hombale Films) തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായിക സുധ കൊങ്കരയാണ് (Sudha Kongara) ചിത്രം ഒരുക്കുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചന. തങ്ങളുടെ മുന്‍ ചിത്രങ്ങള്‍ പോലെ പുതിയ പ്രോജക്റ്റും രാജ്യമാകെ ശ്രദ്ധ നേടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് പ്രഖ്യാപനത്തിനൊപ്പമുള്ള കുറിപ്പില്‍ അവര്‍ പറയുന്നു.

പുനീത് രാജ്‍കുമാര്‍ നായകനായ 2014 ചിത്രം നിന്നിണ്ടലേ നിര്‍മ്മിച്ചുകൊണ്ട് രംഗത്തെത്തിയ ബാനര്‍ ആണ് ഹൊബാളെ ഫിലിംസ്. അവരുടെ നാലാമത്തെ ചിത്രമായിരുന്നു 2018ല്‍ പുറത്തെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1. കന്നഡ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ബാനറിന് ഇന്ത്യ മുഴുവനും ശ്രദ്ധ ലഭിക്കാന്‍ കെജിഎഫ് ഫ്രാഞ്ചൈസി കാരണമായി. 

Scroll to load tweet…

അതേസമയം നടി രേവതിയുടെ സംവിധാനത്തില്‍ 2002ല്‍ പുറത്തെത്തിയ ഇംഗ്ലീഷ് ചിത്രം മിത്ര് മൈ ഫ്രണ്ടിന്‍റെ സഹ രചയിതാവായാണ് സുധ കൊങ്കരയുടെ സിനിമാപ്രവേശം. 2008ല്‍ തെലുങ്കില്‍ ഒരുക്കിയ ആന്ധ്ര അണ്ടഗഡുവാണ് സംവിധാനം ചെയ്‍ത ആദ്യ ചിത്രം. ഇതുള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ ഇതുവരെ സംവിധാനം ചെയ്‍തു. സൂര്യയുടെ തിരിച്ചുവരവ് ചിത്രമായി മാറിയ സൂരറൈ പോട്ര്, ആന്തോളജി ചിത്രങ്ങളായ പുത്തം പുതു കാലൈ, പാവ കഥൈകള്‍ എന്നിവയുടെ ഭാഗമായ ലഘുചിത്രങ്ങള്‍ എന്നിവയാണ് സുധയുടേതായി സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഇതില്‍ സൂരറൈ പോട്ര് ആണ് ഏറ്റവും ജനപ്രീതി നേടിയത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഇത്. അപര്‍ണ ബാലമുരളിയാണ് 'ബൊമ്മി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‍കര്‍ അവാര്‍ഡിന് മത്സരിക്കാനുള്ള യോഗ്യതയും ചിത്രം നേടിയിരുന്നു.