അഭിനയത്തില്‍ തന്‍റെ റേഞ്ച് ലോകത്ത് മറ്റൊരു നടിക്കുമില്ലെന്ന ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ ട്വീറ്റ് വൈറല്‍ ആയിരുന്നു. താന്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായി എത്തുന്ന 'തലൈവി', ചിത്രീകരണം പുരോഗമിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ 'ധാക്കഡ്' എന്നീ ചിത്രങ്ങളിലെ തന്‍റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ അഭിപ്രായപ്രകടനം. ഹോളിവുഡ് നടി മെറില്‍ സ്ട്രീപ്പിനെപ്പോലെ പല അടരുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഇസ്രയേലി നടി ഗാല്‍ ഗദോത്തിനെപ്പോലെ ആക്ഷനും ഗ്ലാമറുമുള്ള റോളുകള്‍ ചെയ്യാനും തനിക്കു സാധിക്കുമെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ ഈ അഭിപ്രായപ്രകടനം കയ്യടികളേക്കാള്‍ വിമര്‍ശനങ്ങളാണ് അവര്‍ക്ക് നേടിക്കൊടുത്തത്. തെരഞ്ഞെടുത്ത വിമര്‍ശനങ്ങള്‍ക്ക് ട്വിറ്ററിലൂടെത്തന്നെ കങ്കണ മറുപടിയും കുറിച്ചിരുന്നു. മെറില്‍ സ്ട്രീപ്പിനോട് സ്വയം താരതമ്യം ചെയ്തതിനെ വിമര്‍ശിച്ചവരോട് കങ്കണയുടെ പ്രതികരണവും വൈറല്‍ ആയി.

മൂന്ന് ഓസ്‍കര്‍ അവാര്‍ഡുകള്‍ കൂടാതെ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകളും സെസാര്‍ അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബും പ്രൈംടൈം എമ്മിയും അടക്കമുള്ളവ നേടിയ നടിയാണ് മെറില്‍ സ്ട്രീപ്പ്. സ്ട്രീപ്പുമായി സ്വയം താരതമ്യം ചെയ്യുന്ന കങ്കണയ്ക്ക് എത്ര ഓസ്‍കര്‍ ഇതിനകം ലഭിച്ചു എന്നായിരുന്നു വിമര്‍ശകരില്‍ പലരുടെയും ചോദ്യം. ഇതിനോടുള്ള കങ്കണയുടെ പ്രതികരണം ഇങ്ങനെ- "എനിക്ക് എത്ര ഓസ്‍കര്‍ ലഭിച്ചിട്ടുണ്ട് എന്ന് ചോദിക്കുന്നവര്‍ക്ക് മെറില്‍ സ്ട്രീപ്പിന് എത്ര ദേശീയ അവാര്‍ഡും പത്മ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് എന്നതും ചോദിക്കാവുന്നതാണ്. ഒന്നുമില്ല എന്നതാണ് ഉത്തരം. നിങ്ങളുടെ അടിമ മനോഭാവത്തില്‍ നിന്ന് പുറത്തുവരിക. കുറച്ച് സ്വയം ബഹുമാനമൊക്കെ കണ്ടെത്തേണ്ട സമയമാണ് ഇത്", കങ്കണ കുറിച്ചു.

തന്‍റെ ട്വീറ്റിനോട് എതിരഭിപ്രായമുള്ളവര്‍ തന്നെ ട്രോളുകയും പരിഹസിക്കുകയും മാത്രമാണ് ചെയ്യുന്നതെന്നും മറിച്ച് ഉദാഹരണസഹിതം യുക്തിസഹമായി അത് തെറ്റാണെന്ന് (ലോകത്തിലെ മികച്ച നടി) സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും മറ്റൊരു ട്വീറ്റില്‍ കങ്കണ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലെയും ബോളിവുഡിലെയും അധികാരമുള്ള നിരവധി പുരുഷന്മാര്‍ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും കങ്കണ അതിനെയെല്ലാം അതിജീവിക്കുകയായിരുന്നുവെന്നും അത്തരമൊരു അവസ്ഥ മെറില്‍ സ്ട്രീപ്പിന് നേരിടേണ്ടിവന്നിട്ടില്ലെന്നുമുള്ള ഒരു പ്രതികരണം ശരിയെന്ന് പറഞ്ഞുകൊണ്ട് കങ്കണ റീട്വീറ്റ് ചെയ്തിട്ടുണ്ട്. "ഒരുപാട് ക്രൂരതയും തരംതിരിവും ഞാന്‍ നേരിട്ടിട്ടുണ്ട് എന്നത് ശരിയാണ്. താരസന്തതികള്‍ക്ക് എല്ലാം എളുപ്പത്തില്‍ ലഭിക്കും. എനിക്ക് അങ്ങനെ ആയിരുന്നില്ല. അതിനാല്‍ എന്‍റെ കഠിനാധ്വാനവും കഴിവും വിജയവും കൊണ്ട് ശരിക്കും അര്‍ഹിക്കുന്നതു തന്നെയാണ് ഞാന്‍ എടുക്കുന്നത്. അതിന് എനിക്ക് അര്‍ഹതയില്ലെങ്കില്‍ ഞാന്‍ എത്ര ബഹളമുണ്ടാക്കിയാലും അതെനിക്ക് കിട്ടില്ല. ഇവര്‍ ഇത്രയും ഭയക്കുന്നത് എന്തിനെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്", കങ്കണ കുറിച്ചു.

മധുര്‍ ഭണ്ഡാര്‍ക്കറുടെ 'ഫാഷനി'ലെ (2009-മികച്ച സഹനടി) അഭിനയത്തിനാണ് കങ്കണയെത്തേടി ആദ്യത്തെ ദേശീയ പുരസ്കാരം എത്തുന്നത്. പിന്നീട് ക്വീന്‍ (2015), തനു വെഡ്‍സ് മനു റിട്ടേണ്‍സ് (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. 2020ല്‍ പത്മശ്രീ പുരസ്കാരവും കങ്കണയെ തേടിയെത്തി.