മുംബൈ: ജാമിയ മിലിയ, അലിഗഢ് മുസ്ലിം സർവ്വകലാശാല എന്നിവിടങ്ങളിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം ഹൃതിക് റോഷന്‍. ഒരു രക്ഷിതാവെന്ന നിലയിലും ഇന്ത്യൻ പൗരൻ എന്ന നിലയിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അശാന്തിയിൽ ഞാൻ അതീവ ദുഃഖിതനാണെന്ന് ഹൃതിക് റോഷന്‍ ട്വിറ്ററിൽ കുറിച്ചു.

"ഒരു രക്ഷകർത്താവ് എന്ന നിലയിലും ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിലും, നമ്മുടെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ അശാന്തിയിൽ ഞാൻ അതീവ ദുഃഖിതനാണ്. എത്രയും വേഗം സമാധാനം മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. മഹാന്‍മാരായ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍കളില്‍ നിന്ന് പഠിക്കുന്നു. ലോകത്തിലെ ഏറ്റവും യുവത്വം നിറഞ്ഞ ജനാധിപത്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു"- ഹൃതിക് റോഷന്‍ ട്വീറ്റ് ചെയ്തു.

ദിയ മിര്‍സ,സംവിധായകന്‍ ഹന്‍സല്‍ മേത്ത,റിതേഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അലംകൃത ശ്രീവാസ്തവ, അഭയ് ഡിയോള്‍, മനോജ് ബാജ്‌പേയ്, സോയ അക്തര്‍, കൊങ്കണ സെന്‍, സുധീര്‍ മിശ്ര, വിശാല്‍ ഭരദ്വാജ്, ജാവേദ് അക്തര്‍, രാകുല്‍പ്രീത് സിംഗ്, സഞ്ജയ് ഗുപ്ത, പരിനീതി ചോപ്ര, ഹുമ ഖുറേഷി, എന്നിവരും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.