പൗരത്വഭേദഗതി നിയമത്തിന് പിന്തുണ തേടി കേന്ദ്രമൊരുക്കിയ അത്താഴവിരുന്നില്‍ റണ്‍വീര്‍ ഷോറെ പങ്കെടുത്തിരുന്നു...

മുംബൈ: ജെഎന്‍യുവില്‍ ആക്രമണം നേരിട്ട വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ദീപിക പദുക്കോണിനെ അഭിനന്ദിച്ച് നടന്‍ റണ്‍വീര്‍ ഷോറെ. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കായി ദീപിക എങ്ങനെ പ്രവര്‍ത്തിച്ചുവോ അതില്‍ എനിക്ക് ദീപികയോട് ബഹുമാനമുണ്ട്. ഇടത് സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിനിരകളായ സംഭവത്തില്‍ രണ്ട് വശമില്ല'' - റണ്‍വീര്‍ ഷോറെ എന്‍ഡിടിവിയോട് പറഞ്ഞു. 

പൗരത്വഭേദഗതി നിയമത്തിന് പിന്തുണ തേടി കേന്ദ്രമൊരുക്കിയ അത്താഴവിരുന്നില്‍ റണ്‍വീര്‍ ഷോറെ പങ്കെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് പരിപാടി സംഘടിപ്പിച്ചത്. 

വ്യക്തതയ്ക്ക് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നായിരുന്നു താരത്തിന്‍റെ വിശദീകരണം. ഇടത് വിദ്യാര്‍ത്ഥികള്‍ ജെഎൻയുവില്‍ ആക്രമണോത്സുകരായെങ്കില്‍ തന്നെ അതിനുള്ള പരിഹാരം അവരെ 50 ഗുണ്ടകളെ വിട്ട് തല്ലിച്ചതക്കാനാക്കിയിട്ട് മാറി നില്‍ക്കുന്ന പൊലീസ് നടപടിയല്ലെന്നായിരുന്നു ഞായറാഴ്ച നടന്ന സംഘര്‍ഷത്തിലുള്ള റണ്‍വീര്‍ ഷെറോയുടെ പ്രതികരണം. 

എബിവിപിയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. '' അന്വേഷണ സംഘങ്ങളെല്ലാം എത്തിച്ചേരുന്നത് ഒരേ ഉത്തരത്തിലാണ്. എന്നാല്‍ നമ്മള്‍ കണ്ടു, ആള്‍ക്കൂട്ടം അകത്തുകടക്കുമ്പോള്‍ എന്‍പോഴ്സമെന്‍റ് ഏജന്‍സി അവിടെ നില്‍ക്കുകയായിരുന്നു... '' അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ രാത്രിയില്‍ ഛപാകിന്‍റെ പ്രമോഷന്‍ പരിപാടികള്‍ക്കായി ദില്ലിയിലെത്തിയ ദീപിക ജെഎൻയു ക്യാമ്പസിലെത്തി വിദ്യാര്‍ത്ഥികളെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് ദീപികയുടെ ഏറ്റവും പുതിയ ഛപാക് ബഹിഷ്കരിക്കണമെന്ന് ഒരു കൂട്ടര്‍ ട്വിറ്ററിലൂടെ അഹ്വാനം ചെയ്തു. എന്നാല്‍ കനയ്യ കുമാറടക്കമുള്ള നേതാക്കള്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തി.