Asianet News MalayalamAsianet News Malayalam

Ruhaan Arshad | 'സംഗീതം ഹറാം'; സംഗീതജീവിതം അവസാനിപ്പിക്കുകയാണെന്ന് യുവ റാപ്പര്‍ റുഹാന്‍ അര്‍ഷാദ്

യുട്യൂബില്‍ 50 കോടിക്കുമേല്‍ കാഴ്ചകള്‍ നേടിയ 'മിയാ ഭായ്‍'യുടെ സൃഷ്ടാവ് 

hyderabadi rapper ruhaan arshad announces quits from music haraam in islam
Author
Thiruvananthapuram, First Published Nov 14, 2021, 3:49 PM IST

സംഗീതജീവിതം താന്‍ ഉപക്ഷിക്കുകയാണെന്ന് ഹൈദരാബാദ് സ്വദേശിയായ പ്രശസ്‍ത റാപ്പര്‍ റുഹാന്‍ അര്‍ഷാദ് (Ruhaan Arshad). മതജീവിതത്തിനായാണ് സംഗീതം ഉപേക്ഷിക്കുന്നതെന്നും ഇസ്‍ലാമില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞതായും റുഹാന്‍ പറഞ്ഞു. 23 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് റുഹാന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തോളമായി മ്യൂസിക് വീഡിയോകളിലൂടെ സംഗീതപ്രേമികളുടെ മനംകവര്‍ന്ന ആളാണ് റുഹാന്‍. ഇതില്‍ രണ്ട് വര്‍ഷം മുന്‍പ് പുറത്തെത്തിയ 'മിയാ ഭായ്' എന്ന വീഡിയോ തരംഗം തീര്‍ത്തിരുന്നു. യുട്യൂബില്‍ 50 കോടിക്കുമേല്‍ കാഴ്ചകളാണ് ഈ ഗാനം ഇതുവരെ നേടിയിട്ടുള്ളത്. "സംഗീതം കൊണ്ട് മാത്രമാണ് ജീവിതത്തില്‍ എനിക്ക് ഉയരാന്‍ സാധിച്ചത്. പക്ഷേ സംഗീത ജീവിതം ഞാന്‍ അവസാനിപ്പിക്കണം എന്നത് ദൈവത്തിന്‍റെ തീരുമാനമാണ്". അല്ലാഹുവിന്‍റെ മാര്‍ഗനിര്‍ദേശവും സൂചനകളും മനസിലാക്കിയാണ് തന്‍റെ തീരുമാനമെന്നും റുഹാന്‍ പറഞ്ഞു. എടുത്ത തീരുമാനത്തില്‍ പൂര്‍ണ്ണ സന്തോഷവാനാണെന്നും അതേക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും.

പുതിയ തീരുമാനത്തില്‍ തന്നെ പിന്തുണയ്ക്കണമെന്നും യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയില്‍ ആരാധകരോട് റുഹാന്‍ അഭ്യര്‍ഥിക്കുന്നുണ്ട്. 'ഹറാം' അല്ലാത്ത ഉള്ളടക്കം തന്‍റെ ചാനലിലൂടെ മുന്നോട്ടും പ്രതീക്ഷിക്കാമെന്നും പിന്തുണയ്ക്കണമെന്നും റുഹാന്‍ പറയുന്നു. ആറായിരത്തിലേറെ കമന്‍റുകളാണ് സംഗീത ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച വീഡിയോയ്ക്കു ചുവടെ വന്നിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios