കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാള ചിത്രം 'ഐ ആം ഗെയി'മിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ഡേറ്റ് 

2023 ല്‍ പുറത്തെത്തിയ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി മലയാളത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്‍റെ സംവിധാനം. ദുല്‍ഖര്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് സംബന്ധിച്ചാണ് അത്. ഫസ്റ്റ് ലുക്ക് 28-ാം തീയതി വൈകിട്ട് 6 മണിക്ക് പുറത്തെത്തും. 

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവർ വേഷമിടുന്ന ഈ ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബജറ്റ് ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.

അൻപറിവ് ടീം ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കിൽ എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ ശ്രദ്ധ നേടിയ പാർത്ഥ് തിവാരിയുടെ ആദ്യ മലയാള ചിത്രമാണിത്. ആര്‍ഡിഎക്സിന് ശേഷം ഇതിലൂടെ വീണ്ടും ഒരു നഹാസ് ചിത്രത്തിന് വേണ്ടി അൻബറിവ് മാസ്റ്റേഴ്സ് സംഘട്ടന സംവിധാനം നിർവഹിക്കുകയാണ്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി, മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈന്‍ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ, ഗാനരചന മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വിഎഫ്എക്സ് തൗഫീഖ് എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്സ് കണ്ണൻ ഗണപത്, സ്റ്റിൽസ് എസ് ബി കെ, പിആർഒ- ശബരി.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്