നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം
ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ഐ ആം ഗെയിം ആരംഭിച്ചു. മാര്‍ച്ച് 1 ന് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ആന്‍റണി വര്‍ഗീസും തമിഴ് സംവിധായകനും നടനുമായ മിഷ്കിനുമാണ് അത്. ഇവര്‍ എത്തിയിരുന്നെങ്കിലും ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്ന ഇന്ന് ദുല്‍ഖര്‍ എത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ടീമിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയാണ് ഇത്. നവാഗതനായ അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ 2023 ഓഗസ്റ്റില്‍ റിലീസ് ചെയ്യപ്പട്ട ചിത്രം പക്ഷേ പ്രേക്ഷക പ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. കൊത്തയ്ക്ക് ശേഷം മറുഭാഷകളില്‍ വലിയ വിജയങ്ങളുടെ ഭാഗമായിരുന്നെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ എത്തിയിരുന്നില്ല. ഈ കാലയളവില്‍ ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഐ ആം ഗെയിം കൂടാതെ തമിഴില്‍ നിന്ന് കാന്ത എന്ന ചിത്രവും തെലുങ്കില്‍ നിന്ന് ആകാശം ലോ ഒക താര എന്ന ചിത്രവും ദുല്‍ഖറിന്‍റേതായി വരാനുണ്ട്. ഐ ആം ഗെയിമിലെ മറ്റ് അണിയറക്കാരുടെയും താരങ്ങളുടെയും പേര് വിവരങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കാന്ത. ഭാഗ്യശ്രീ ബോര്‍സെയാണ് ചിത്രത്തിലെ നായിക. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ഈ ചിത്രത്തിന്‍റെ ബാനറുകള്‍. പവൻ സാദിനേനിയാണ് ആകാശം ലോ ഒക താരയുടെ സംവിധാനം. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തുക.


