ഒരു അഭിനേതാവ് എന്ന നിലയില്‍ കാളിദാസ് ജയറാമിന് ഏറ്റവുമധികം പ്രേക്ഷകാംഗീകാരം നേടിക്കൊടുത്തിരിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ 'പാവ കഥൈകള്‍'. നെറ്റ്ഫ്‍ളിക്സിന്‍റെ തമിഴിലെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനായ ആന്തോളജി ചിത്രത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത 'തങ്കം' എന്ന ലഘുചിത്രമാണ് കാളിദാസിന് മികച്ച പ്രതികരണം നേടിക്കൊടുത്തത്. പ്രകാശ്‍ രാജും സായ് പല്ലവിയും സിമ്രാനും അഞ്ജലിയുമൊക്കെ കഥാപാത്രങ്ങളായ 'പാവ കഥൈകളി'ല്‍ ഏറ്റവും അഭിനന്ദനം നേടിയതും കാളിദാസ് ആയിരുന്നു. എന്നാല്‍ ഇനി സിനിമ വേണ്ടെന്നു തീരുമാനിച്ച കാലത്താണ് ഈ ചിത്രം തന്നെ തേടിവന്നതെന്ന് പറയുന്നു കാളിദാസ്. ഇതും ശരിയാവാത്തപക്ഷം ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നെന്നും മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.

"സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലോസ് ഏഞ്ചല്‍സില്‍ എത്തിയ സമയത്താണ് സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വരുന്നത്. ഇപ്പോള്‍ സിനിമ വേണ്ടെന്നുവച്ചിരിക്കുകയാണെന്നു പറഞ്ഞെങ്കിലും കഥ കേള്‍ക്കാമെന്നു വാക്കു കൊടുത്തു. അവരുടെ ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോള്‍ ചെയ്യണമെന്നു തോന്നി. ആ തീരുമാനം ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നതല്ല", കാളിദാസ് പറയുന്നു.

 

കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചിരുന്നെന്നും ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിച്ചിരുന്നെന്നും കാളിദാസ് പറയുന്നു. "ലോസ് ഏഞ്ചല്‍സില്‍ നിന്ന് തിരികെവന്നപ്പോള്‍ ഞാന്‍ നല്ലപോലെ തടി വച്ചിരുന്നു. കഥാപാത്രത്തിനുവേണ്ടി ഒന്നര മാസം കൊണ്ട് 12 കിലോ കുറച്ചു. സിനിമയിലെ എന്‍റെ സുഹൃത്തായ ട്രാന്‍സ് വുമണായ ജീവയെ കണ്ടു. ട്രാന്‍സ് വിഭാഗക്കാരെ തിരശ്ശീലയിലെത്തിക്കുമ്പോള്‍ നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നു. മിമിക്രിയോ അതിനാടകീയതയോ ഇല്ലാതെ, അവരെങ്ങനെയാണോ അതുപോലെ തന്നെ. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മറ്റു ചിലരെയും ജീവ പരിചയപ്പെടുത്തി. അവരോടും സംസാരിച്ചിരുന്നു. അവരെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചു", കാളിദാസ് പറയുന്നു. ജയറാം 'മഴവില്‍ക്കാവടി' ഷൂട്ട് ചെയ്‍ത അതേ സ്ഥലത്തായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും അതും നന്നായി ആസ്വദിച്ചെന്നും കാളിദാസ് പറയുന്നു. ഏറ്റവും വലിയ വിമര്‍ശകയായ അനുജത്തി മാളവിക അടക്കം ചിത്രം കണ്ടശേഷം അഭിനന്ദിച്ചെന്നും കാളിദാസ് കൂട്ടിച്ചേര്‍ക്കുന്നു.