Asianet News MalayalamAsianet News Malayalam

'പണത്തിനുവേണ്ടി മാത്രം ചെയ്തത് ഒരേയൊരു സിനിമ'; വീട് വാങ്ങാന്‍ പണം കണ്ടെത്തിയ സിനിമയെക്കുറിച്ച് ഷാരൂഖ്

"ആ സിനിമ ചെയ്യാനുള്ള മനസ് എനിക്കുണ്ടായിരുന്നില്ല. പക്ഷേ.."

i did only one film in my entire career just for money shah rukh khan once said nsn
Author
First Published Nov 21, 2023, 7:17 PM IST

ഇന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള സിനിമാതാരം ആരെന്ന ചോദ്യത്തിന് നിലവില്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ഒരേ വര്‍ഷം ബോക്സ് ഓഫീസില്‍ 1000 കോടി കടന്ന രണ്ട് ചിത്രങ്ങളില്‍ നായകനായി, ബോളിവുഡിനെത്തന്നെ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുകയറ്റിയ ഷാരൂഖ് ഖാന്‍ എന്ന കിംഗ് ഖാന്‍. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ നിര്‍ബന്ധപൂര്‍വ്വം എടുത്ത ഇടവേളയ്ക്കൊടുവിലാണ് ഷാരൂഖ് ഖാന്‍ ഈ വര്‍ഷം തുടക്കത്തില്‍ പഠാന്‍ എന്ന ചിത്രവുമായി എത്തിയത്. പ്രോജക്റ്റുകള്‍ ഏറെ ശ്രദ്ധിച്ചു മാത്രമേ എക്കാലവും അദ്ദേഹം തെരഞ്ഞെടുത്തിട്ടൂള്ളൂ. അഭിനയിക്കുന്ന എല്ലാ സിനിമകളും വിജയത്തിലെത്തിക്കാന്‍ ഒരു സൂപ്പര്‍താരത്തിനും ആവില്ലല്ലോ. എന്നാല്‍ ഷാരൂഖിന്‍റെ തന്നെ അഭിപ്രായത്തില്‍ പണത്തിനുവേണ്ടി മാത്രമായി ഒരൊറ്റ സിനിമയിലേ ഇത്ര നാളത്തെ സിനിമാജീവിതത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. 

യാരോന്‍ കി ബരാത് എന്ന ടിവി ഷോയില്‍ പങ്കെടുക്കവെ 2016 ലാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യത്തെക്കുറിച്ച് മനസ് തുറന്നത്. "പണത്തിനുവേണ്ടി ഒറ്റ സിനിമയേ ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളൂ. 60 സിനിമകള്‍ (ആ സമയത്തെ കണക്ക്) ഞാന്‍ ഇതിനകം ചെയ്തിട്ടുണ്ട്. ആ ചിത്രത്തില്‍ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് എന്‍റെ ആദ്യത്തെ വീട് ഞാന്‍ വാങ്ങിയത്. ആ പൈസ എനിക്ക് വേണമായിരുന്നു. പക്ഷേ പിന്നീട് സാമ്പത്തികനില മെച്ചപ്പെട്ടപ്പോള്‍, സിനിമകള്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആദ്യം വാങ്ങിയ സിനിമയും അതായിരുന്നു. ആ ചിത്രത്തിന് വാങ്ങിയ പ്രതിഫലം തിരിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി", ഷാരൂഖ് ഖാന്‍ പറഞ്ഞു.

"ആ സിനിമ ചെയ്യാനുള്ള മനസ് എനിക്കുണ്ടായിരുന്നില്ല. പക്ഷേ പണത്തിനുവേണ്ട് ഞാന്‍ എന്‍റെ മനസാക്ഷിയെ വിറ്റ ചിത്രം അത് മാത്രമായിരിക്കും", ഷാരൂഖ് ഖാന്‍ അന്ന് പറഞ്ഞു. അതേസമയം ആ ചിത്രത്തിന്‍റെ പേര് അദ്ദേഹം ഷോയില്‍ പറഞ്ഞില്ല. കരിയറിന്‍റെ തുടക്കകാലത്ത് വീട് എന്ന ലക്ഷ്യം നിറവേറ്റാനായി ചെറിയ തുകയ്ക്ക് പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറായ ഷാരൂഖ് ഖാനെക്കുറിച്ച് പ്രശസ്ത പരസ്യ സംവിധായകനായ പ്രഹ്ളാദ് കക്കര്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

"980 കളുടെ അവസാനമാണ് കാലം. ഖയാമത്ത് സേ ഖയാമത്ത് തക് ഒക്കെ ഇറങ്ങി ആമിര്‍ ഖാന്‍ ജനപ്രീതിയില്‍ നില്‍ക്കുന്ന സമയമാണ്. അതേസമയം ദൂരദര്‍ശന്‍റെ പരമ്പരയായ ഫൌജിയിലെ അഭിനയത്തിലൂടെ ഷാരൂഖിനും അത്യാവശ്യം പ്രശസ്തിയുണ്ട്. പുതുതായി ചെയ്യാന്‍ പോകുന്ന പരസ്യത്തിലേക്ക് ഇവര്‍ ഇരുവരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും തനിക്ക് താല്‍പര്യം ആമിര്‍ വരണമെന്നായിരുന്നുവെന്ന് പ്രഹ്ലാദ് കക്കര്‍ പറയുന്നു. "ആമിര്‍ ഖാന്‍ ആണ് കൂടുതല്‍ പ്രതിഫലവും ആവശ്യപ്പെട്ടത്. 25 ലക്ഷമാണ് അദ്ദേഹം ചോദിച്ചത്. എന്നാല്‍ 6 ലക്ഷത്തിന് താന്‍ അഭിനയിക്കാമെന്ന് ഷാരൂഖ് സമ്മതിച്ചു. അന്ന് മുംബൈയില്‍ ഒരു വീട് വാങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഷാരൂഖ്. അതിന് അടിയന്തിരമായി പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്", സൂമിന് നല്‍കിയ അഭിമുഖത്തില്‍ പ്രഹ്ലാദ് കക്കര്‍ പറയുന്നു.

"കൂടുതല്‍ പ്രതിഫലം ചോദിക്കുമ്പോഴും ആമിറിന് ശരിക്കും ആ പരസ്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കാരണം അക്കാലത്ത് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ സിനിമാതാരങ്ങള്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. കാരണം സിനിമയില്‍ നല്ല അവസ്ഥയിലല്ല ഉള്ളതെന്ന ഒരു പ്രതിച്ഛായ പുറത്ത് വരും എന്നതായിരുന്നു കാരണം. ഈ പരസ്യം താങ്കള്‍ക്ക് ഒരു വലിയ നടനെന്ന പ്രതിച്ഛായ നല്‍കുമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ആമിര്‍ അത് അംഗീകരിച്ചില്ല. സിനിമകളിലൂടെയേ അത് സാധിക്കൂ എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്". എന്നാല്‍ പിന്നീട് 25 ലക്ഷം വാങ്ങി ആമിര്‍ പരസ്യത്തില്‍ അഭിനയിച്ചെന്നും ഏറെ വൈകാതെ ഷാരൂഖ് ഖാനെ വച്ച് മറ്റൊരു പരസ്യം തങ്ങള്‍ ചിത്രീകരിച്ചെന്നും പ്രഹ്ളാദ് കക്കര്‍ പറയുന്നു.

ALSO READ : നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമ ഏത്? ഒഫിഷ്യല്‍ പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios