കിരീടം സിനിമയുടെ റീമാസ്റ്റേർഡ് പതിപ്പിന്‍റെ ട്രെയ്‌ലർ ലോഞ്ച് വേദിയില്‍ ആയിരുന്നു പാര്‍വതിയുടെ വാക്കുകള്‍

കിരീടം സിനിമയോടും അതില്‍ അവതരിപ്പിച്ച ദേവി എന്ന കഥാപാത്രത്തോടും തനിക്കുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞ് നടി പാര്‍വതി. 37 വര്‍ഷങ്ങള്‍ക്കിപ്പുറം കിരീടത്തിന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനോടനുബന്ധിച്ച് നടന്ന ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലാണ് പാര്‍വതി ഇതിനേക്കുറിച്ച് പറഞ്ഞത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് തനിക്കൊരു കടം വീട്ടാനുണ്ടെന്നും അതിനാലാണ് സിബി മലയില്‍ വിളിച്ചയുടനെ ചടങ്ങിന് എത്താമെന്ന് സമ്മതിച്ചതെന്നും പാര്‍വതി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങളായി. പക്ഷേ ഞാന്‍ എവിടെ പോവുകയാണെങ്കിലും അതിലെ ദേവിയെപ്പറ്റിയാണ് ഇപ്പോഴും ആളുകള്‍ എന്നോട് പറയാറ്. അത് എനിക്ക് അന്ന് തൊട്ട് ഇന്ന് വരെ പ്രശംസ കിട്ടിയ ഒരു കഥാപാത്രമാണ്. എന്നെ രണ്ട് മൂന്ന് ദിവസം മുന്‍പ് സിബി സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഉറപ്പായിട്ടും വരാമെന്ന് പറഞ്ഞു. കാരണം എനിക്ക് ഒരു കടം വീട്ടാനുണ്ട്. ഇത്രയും വര്‍ഷമായിട്ട് ആരോടും ഞാന്‍ ഒരു നന്ദി ഇതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇത്രയും നല്ല ഒരു കഥാപാത്രം, ഇത്രയും നല്ല ഒരു അവസരം എനിക്ക് തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടന്‍, ദിനേശ് പണിക്കര്‍, വിജയകുമാര്‍ സാര്‍, കുമാര്‍ സാര്‍ അങ്ങനെ എല്ലാവരോടും. ഏറ്റവും കൂടുതല്‍ ലാലേട്ടനോട്. ഏറ്റവും നല്ല ഒരു സപ്പോര്‍ട്ടിംഗ് കോ സ്റ്റാര്‍ ആയി നിന്നതിന്. എനിക്കറിയില്ല ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടതെന്ന്. വളരെ സന്തോഷമുണ്ട് എല്ലാവരെയും കാണാന്‍ സാധിച്ചതിലും ഇവിടെ വന്ന് നില്‍ക്കാന്‍ പറ്റിയതിലും. വളരെയധികം നന്ദി, പാര്‍വതിയുടെ വാക്കുകള്‍.

നാഷണല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ 4 കെ റെസ്റ്റൊറേഷന്‍ നിര്‍വ്വഹിച്ചത്. മലയാളത്തില്‍ മുന്‍പ് വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടത്തിന്‍റെ രണ്ടാം വരവ്. ട്രെയ്‍ലര്‍ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സിബി മലയിലിന്‍റെയും ലോഹിതദാസിന്‍റെയും മോഹന്‍ലാലിന്‍റെയുമൊക്കെ കരിയറുകളില്‍ ഏറ്റവും വൈകാരികത നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് കിരീടം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യവാനായ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സേതുമാധവന്‍. ദേശീയ അവാര്‍ഡില്‍ മോഹന്‍ലാലിന് സ്പെഷല്‍ മെന്‍ഷന്‍ നേടിക്കൊടുത്ത കഥാപാത്രവുമാണ് ഇത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming