തെരഞ്ഞെടുപ്പിലൂടെ അമ്മയിലെ ജനാധിപത്യം വര്‍ധിച്ചുവെന്നും ബാബുരാജ്
തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തി പോവുമെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ബാബുരാജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശ്വേത എന്‍റെ അടുത്ത സുഹൃത്താണ്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. പുതിയ ഭരണസമിതി എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെ. അമ്മയ്ക്കൊപ്പം എപ്പോഴും ഉണ്ടാകും. അമ്മ തുടങ്ങിവച്ച നല്ല പ്രവർത്തികൾ ഇനിയും തുടരും, ബാബുരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ അമ്മയിലെ ജനാധിപത്യം വര്‍ധിച്ചുവെന്നും ബാബുരാജ് പറഞ്ഞു. പറയേണ്ട കാര്യങ്ങൾ അമ്മ ജനറൽ ബോഡിയിൽ പറയും. ആര് ജയിച്ചാലും അവർക്കൊപ്പമാണ്. അഡ്ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോയപ്പോൾ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇതിനു ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്. ശ്വേത മേനോന് എതിരായ കേസിന് പിറകിൽ ആരാണെന്ന് കണ്ടുപിടിക്കണം. എല്ലാത്തിലും എന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. ശ്വേതയ്ക്കെതിരായ കേസിൽ പുറത്തുവന്ന ആരോപണങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണം. അവർ മോശക്കാരല്ല, ബാബുരാജ് പ്രതികരിച്ചു.
അമ്മ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയ ആളായിരുന്നു ബാബുരാജ്. എന്നാല്‍ ആരോപണവിധേയര്‍ മത്സരിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ബാബുരാജ് പത്രിക പിന്‍വലിക്കുകയായിരുന്നു. വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്, തീരുമാനം അറിയിച്ച് ബാബുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

