ഇന്നലെ ആയിരുന്നു ദേശീയ പുരസ്‍കാര പ്രഖ്യാപനം

ദേശീയ അവാര്‍ഡ് പരിഗണനയ്ക്കായി താന്‍ ഇനി സിനിമകള്‍ അയയ്ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്. ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ഇനി ചെയ്യുമെന്നും സോഷ്യല്‍ മീഡിയയില്‍ സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

“ഇത്തവണ ദേശീയ അവാർഡ് ഷാരൂഖ് ഖാൻ ജിക്ക് കിട്ടിയല്ലോ. അതുപോലെ അടുത്ത തവണ ദേശീയ അവാർഡ് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. (ഞാൻ ഇതുവരെ ദേശീയ അവാർഡിന് സിനിമകൾ സബ്മിറ്റ് ചെയ്യാറില്ല. പക്ഷെ ഇനി ചെയ്യും). ഹും.. പണ്ഡിറ്റിനോടാ കളി. എന്ന് സന്തോഷ് പണ്ഡിറ്റ് (കേരളത്തിന്റെ ഷാരൂഖ് ഖാൻ)”, ഇങ്ങനെയാണ് സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്.

ഇന്നലെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ പുരസ്കാരങ്ങളുടെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലെന്ന് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ മലയാളികളില്‍ ഒരു വലിയ വിഭാഗം പ്രതിഷേധവുമായി എത്തിയിരുന്നു. സിനിമാഗ്രൂപ്പുകളിലും മറ്റും എത്തിയ അത്തരത്തിലുള്ള ചില പോസ്റ്റുകളില്‍ സന്തോഷ് പണ്ഡിറ്റിന്‍റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത ചിത്രങ്ങളെയും കേരള സ്റ്റോറിയെയും നിലവാരത്തിന്‍റെ പേരില്‍ താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പോസ്റ്റുകള്‍.

മികച്ച ഛായാഗ്രഹണത്തിനും സംവിധാനത്തിനുമുള്ള പുരസ്കാരമാണ് കേരള സ്റ്റോറിക്ക് ലഭിച്ചത്. കേരളത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിച്ച ചിത്രത്തിന് പുരസ്കാരം നല്‍കിയ ജൂറിക്ക് കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനമാണെന്നും കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിലൂടെ അവഹേളിച്ചത് ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

Asianet News Live | Malayalam News Live | Kerala News | Live Breaking News | MK Sanu | Kerala Nuns