ജാന്‍വി കപൂര്‍ നായികയായ ഗുന്‍ജന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തില്‍ വസ്തുതകള്‍  വളച്ചൊടിച്ചതായി വ്യോമസേനയിലെ മലയാളി പൈലറ്റ് ശ്രീവിദ്യ രാജന്‍. വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റിന്‍റെ ജീവചരിത്രസംബന്ധിയായ സിനിമയെന്ന നിലയില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട് ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ഈ ചിത്രം. ചിത്രത്തില്‍ വ്യോമസേനയെ മോശമായി ചിത്രീകരിച്ചതായി ആരോപിച്ച് വ്യോമസേന സെന്‍സര്‍ ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. 

യഥാര്‍ത്ഥ ജീവിതത്തില്‍ ഗുന്‍ജന്‍ സക്സേനയ്ക്കൊപ്പം ഉധംപൂരില്‍ പോസ്റ്റിംഗ് ലഭിച്ച മലയാളി പൈലറ്റായ ശ്രീവിദ്യ രാജനേക്കുറിച്ച് ചിത്രത്തില്‍ എവിടേയും പറയുന്നില്ല. ഉധംപൂരിലെ വ്യോമസേന താവളത്തില്‍ 1996ലാണ് ഗുന്‍ജനൊപ്പം പൈലറ്റായി ശ്രീവിദ്യയും എത്തിയത്.  എന്നാല്‍ ചിത്രത്തില്‍ ഗുന്‍ജന്‍ സക്സേന ഉധംപൂര്‍ വ്യോമസേനാ താവളത്തിലെ ഏക വനിതാ പൈലറ്റ് ആയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഞങ്ങള്‍ രണ്ടുപേരുമായിരുന്നു ഹെലികോപ്റ്റര്‍ യൂണിറ്റിലെത്തിയ വനിതാ പൈലറ്റുമാരെന്ന് ശ്രീവിദ്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു തങ്ങളുടെ പരിശീലനം. തങ്ങളുടെ തെറ്റുകളില്‍ തിരുത്തല്‍ വരുത്തിയ ഉദ്യോഗസ്ഥരെ ചിത്രത്തില്‍ സ്ത്രീവിരുദ്ധ മനോഭാവത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പുരുഷ പൈലറ്റുകള്‍ക്ക് ഒപ്പമുള്ളവരാണ് എന്ന് വ്യക്തമാക്കാന്‍ ഏറെ പരിശ്രമിക്കേണ്ടി വന്നിരുന്നുവെന്നും ശ്രീവിദ്യ വിശദമാക്കുന്നു. എന്നിരുന്നാലും വ്യോമസേനാ താവളത്തിലെ മിക്ക ഉദ്യോഗസ്ഥരും തങ്ങളെ പിന്തുണയ്ക്കുന്നവരായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഇതിന് തികച്ചും വിരുദ്ധമായാണ് കാണിച്ചിരിക്കുന്നത്. 

തങ്ങളുടെ പരിശീലനം സ്ത്രീയാണ് എന്ന പേരില്‍ ഒരിക്കലും നിഷേധിച്ചിരുന്നില്ലെന്നും ശ്രീവിദ്യ വ്യക്തമാക്കുന്നു. എന്നാല്‍ ശുചിമുറിയും വസ്ത്രം മാറാനുള്ള സാഹചര്യവും വ്യോമസേനാ താവളത്തില്‍ ഇല്ലായിരുന്നു. മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും മോശപ്പെട്ട രീതിയിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശ്രീവിദ്യ വ്യക്തമാക്കുന്നു. കാര്‍ഗില്‍ യുദ്ധസമയത്ത് ഇവിടേയ്ക്ക് അയച്ച ഏക വനിതാ പൈലറ്റാണ് ഗുന്‍ജന്‍ എന്നാണ് ചിത്രം കാണിക്കുന്നത്. എന്നാല്‍ ഗുന്‍ജന്‍ ശ്രീനഗറില്‍ എത്തുന്നതിന് മുന്‍പ് തന്നെ മിഷനുകളില്‍ താന്‍ ഭാഗമായിരുന്നു. 

പരിക്കേറ്റവരെ തിരികെ എത്തിക്കുക, ഭക്ഷണവിതരണം, ആയുധം എത്തിക്കല്‍ എന്നിവയായിരുന്നു മിഷനിലുണ്ടായിരുന്നത്. സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചത് മാത്രമാണ് ക്ലൈമാക്സ് രംഗങ്ങളെന്നും അത്തരം നാടകീയ സംഭവങ്ങള്‍  യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടില്ലെന്നും ശ്രീവിദ്യ വിശദമാക്കുന്നു. പ്രശസ്തിക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ വസ്തുത വളച്ചൊടിച്ചുവെന്നും ആദ്യ വനിതാ പൈലറ്റുമാര്‍ എന്ന നിലയ്ക്ക് വരും തലമുറകളിലേക്ക് സത്യം കൈമാറുന്നതിനുള്ള ഉത്തരവാദിത്വം ഗുന്‍ജന്‍ സക്സേനയ്ക്കുണ്ടാവണമെന്നും ശ്രീവിദ്യം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദമാക്കുന്നു.