ഐഎഫ്എഫ്‌കെയില്‍ കാണികളുടെ തള്ളിക്കയറ്റമില്ലാതെ മേളയുടെ മൂന്നാംദിനമായ ഞായറാഴ്ച. എല്ലാത്തവണയും ഡെലിഗേറ്റുകളുടെ ഒഴുക്ക് ഏറ്റവുമധികം ഉണ്ടാവാറുള്ളത് ശനി, ഞായര്‍ ദിനങ്ങളിലാണ്, വിശേഷിച്ചും ഞായറാഴ്ച. എന്നാല്‍ ഐഎഫ്എഫ്‌കെയില്‍ സാധാരണ ഞായറാഴ്ചകളില്‍ ഉണ്ടാവാറുള്ള തിരക്കിനെ അപേക്ഷിച്ച് ഇന്ന് അത്തരത്തില്‍ ഒരു തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല. തീയേറ്ററുകള്‍ നിറയ്ക്കാന്‍ തക്ക കാണികള്‍ ഉണ്ടായിരുന്നെങ്കിലും ഡെലിഗേറ്റുകള്‍ക്ക് സീറ്റ് കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഇന്ന് ഭൂരിപക്ഷം പ്രദര്‍ശനങ്ങള്‍ക്കും ഉണ്ടായില്ല. സാധാരണ ഞായറാഴ്ചകളില്‍ മേളയിലുണ്ടാവാറുള്ള തിരക്കിന് ഇക്കുറി കുറവ് വന്നതിന് ഒരു കാരണം തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി 20 മത്സരമാണെന്ന വിലയിരുത്തലും ഉണ്ട്. എന്നാല്‍ വിവിധ വിഭാഗങ്ങളിലായി ഒരുപിടി നല്ല ചിത്രങ്ങള്‍ കാണികള്‍ക്ക് മുന്നിലെത്തിയ ദിവസം കൂടിയായിരുന്നു ഇന്ന്.

 

അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറബിക് ചിത്രം ഓള്‍ ദിസ് വിക്ടറി, ബ്രസീലിയന്‍ ചിത്രം പാകറെറ്റ് എന്നിവ കാണികളില്‍ ഒരു വലിയ വിഭാഗത്തിന്റെ പ്രിയചിത്രങ്ങളായി മാറി. ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രശസ്ത ഓസ്ട്രിയന്‍ സംവിധായകന്‍ മൈക്കള്‍ ഹനാകെയുടെ ഹാപ്പി എന്‍ഡ്, സ്ലൊവാക്യന്‍ ചിത്രം ലെറ്റ് ദേര്‍ ബി ലൈറ്റ്, ഇറാനിയന്‍ ചിത്രം ദി വാര്‍ഡന്‍, ഫ്രെഞ്ച്-അറബിക് ചിത്രം പാപിച്ച എന്നിവയും കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

 

ഏഴ് വര്‍ഷം മുന്‍പ് 'അമോര്‍' എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ഒട്ടേറെ പുതിയ ആരാധകരെ സൃഷ്ടിച്ചയാളാണ് ഓസ്ട്രിയന്‍ സംവിധായകനായ മൈക്കള്‍ ഹനാകെ. ആ വര്‍ഷം പാം ഡി ഓര്‍ നേടിയ ചിത്രം 2012 ഐഎഫ്എഫ്‌കെ കാണികളും മറന്നിരിക്കാനിടയില്ല. 'അമോറി'ന്റെ സെമി-സീക്വല്‍ എന്ന തരത്തില്‍ നോക്കിക്കാണാവുന്ന ചിത്രമാണ് 'ഹാപ്പി എന്‍ഡ്'. ചില കഥാപാത്രങ്ങളും അമോറിന്റെ ചില റെഫറന്‍സുകളും ഹനാകെ ഹാപ്പി എന്‍ഡില്‍ കൊണ്ടുവരുന്നുണ്ട്. ലൗറെന്റ് കുടുംബത്തിലെ അംഗങ്ങളിലൂടെ മനുഷ്യരാശിയുടെ തന്നെ സ്‌നേഹരാഹിത്യത്തിലേക്കും ഇരുണ്ട വശങ്ങളിലേക്കും നോട്ടമയയ്ക്കുകയാണ് ഹനാകെ. 

 

മലയാളിയായ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം 'മയി ഘട്ട്: ക്രൈം നമ്പര്‍ 103/2005'ന്റെ മേളയിലെ ആദ്യ പ്രദര്‍ശനവും ഇന്ന് നടന്നു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയുടെ നിയമ പോരാട്ടം വിഷയമാക്കിയ ചിത്രമാണ് ഇത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ആനന്ദ് മഹാദേവനും പ്രഭാവതി അമ്മയും എത്തിയിരുന്നു. ഇത്തവണത്തെ കാന്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം നേടിയ സൗത്ത് കൊറിയന്‍ ചിത്രം പാരസൈറ്റിന്റെ ആദ്യ പ്രദര്‍ശനവും ഇന്ന് നടന്നു.