ഇന്ത്യയുടെ വിഖ്യാത ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു. 80 വയസ്സായിരുന്നു.

അസുഖ ബാധിതയായിരുന്ന സവിത ദേവിയെ വ്യാഴാഴ്‍ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.50ഓടെ മരണം സംഭവിക്കുകയായിരുന്നു. പത്മശ്രീ നല്‍കി രാജ്യം ആദരിച്ച ഗായികയാണ് സവിത ദേവി. ക്ലാസ്സിക്കല്‍  സംഗീതരൂപമായ തുമ്രി, ദാദ്ര തുടങ്ങിയവയില്‍ ശ്രദ്ധേയയായിരുന്നു സവിത ദേവി. പണ്ഡിറ്റ് രിവ ശങ്കറില്‍ നിന്ന് സിത്താറിലും പരിശീലനം നേടിയിട്ടുണ്ട്. പ്രശസ്‍ത സംഗീതജ്ഞ സിദ്ധേശ്വരിയുടെ മകളാണ് സവിത ദേവി. അമ്മയോടുള്ള ആദരവായി ആണ് സവിത ദേവി സിത്താര്‍ ഉപേക്ഷിച്ച് ഗായികയെന്ന നിലയിലേക്ക് മാറുന്നത്. മാ.. സിദ്ധേശ്വര ദേവി എന്ന ജീവചരിത്ര ഗ്രന്ഥവും സവിത ദേവി രചിച്ചിട്ടുണ്ട്. ദില്ലി സര്‍വ്വകലാശാലയില്‍ ദൗലത് റാം കോളേജില്‍ ഏറെക്കാലം സംഗീത വിഭാഗത്തിന്റെ മേധാവിയായിരുന്നു.