Indrajith Sukumaran | 'കുറച്ച് വലിയ സിനിമയാണ്'; സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തെക്കുറിച്ച് ഇന്ദ്രജിത്ത്
കുറുപ്പ്, ആഹാ എന്നിവയാണ് ഇന്ദ്രജിത്തിന്‍റെ പുതിയ റിലീസുകള്‍

പൃഥ്വിരാജിനു പിന്നാലെ സംവിധാന മേഖലയിലേക്ക് എത്തുകയാണ് സഹോദരനും നടനുമായ ഇന്ദ്രജിത്ത് (Indrajith). സിനിമയുടെ പൂര്‍ത്തിയാക്കിയെങ്കിലും ചില തിരുത്തലുകള്‍ ബാക്കിയുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു. ചെയ്യാനിരിക്കുന്നത് ഒരു വലിയ സിനിമയാണെന്നും അഭിനയിച്ചു പൂര്‍ത്തിയാക്കേണ്ട സിനിമകള്‍ തീര്‍ത്തതിനുശേഷം അതിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും ഇന്ദ്രജിത്ത് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് വരാനിരിക്കുന്ന തന്‍റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് പറയുന്നത്.
"എന്‍റെ സംവിധാന സംരംഭം ഞാന്‍ പ്ലാന്‍ ചെയ്‍തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ തിരക്കഥാ രചനയിലാണ്. തിരക്കഥ പൂര്‍ത്തിയായി. പക്ഷേ അതില്‍ കുറച്ച് തിരുത്തലുകളൊക്കെ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്‍റെ ജോലി ഒന്നുരണ്ട് മാസത്തിനുള്ളില്‍ തീരും.ഷൂട്ടില്‍ നിന്ന് ഒരു ഇടവേള എടുത്തിട്ട് വേണം എനിക്ക് അതിനുവേണ്ടി ഇരിക്കാന്‍. നമുക്കറിയാമല്ലോ, കുറേക്കാലത്തിനു ശേഷമാണ് സിനിമയും തിയറ്ററുകളുമൊക്കെ സജീവമായത്. കമ്മിറ്റ് ചെയ്‍ത പല സിനിമകളും പൂര്‍ത്തിയാക്കാനുണ്ട്. അതൊക്കെ തീര്‍ത്ത്, മൂന്ന് നാല് മാസം ഇടവേളയെടുത്ത് വര്‍ക്ക് ചെയ്‍തിട്ടുവേണം എനിക്ക് എന്‍റെ സിനിമ തുടങ്ങാന്‍. കുറച്ച് വലിയ സിനിമയാണ്. അത് ഉടനെയുണ്ടാവില്ല. പക്ഷേ അത് തീര്‍ച്ഛയായും 2023ല്‍ ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സംവിധാന സംരംഭം തീര്‍ച്ഛയായും എന്നില്‍നിന്ന് പ്രതീക്ഷിക്കാം", ഇന്ദ്രജിത്ത് പറയുന്നു.
അതേസമയം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന രണ്ട് പ്രധാന ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‍ത കുറുപ്പില്‍ കുറുപ്പിനെ തേടിയിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ദ്രജിത്തിന്‍റെ കഥാപാത്രം. വടംവലിയുടെ പശ്ചാത്തലത്തില്‍ നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ ഒരുക്കിയ ആഹാ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ആണ് നായകന്‍. ഈ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. നിരവധി ചിത്രങ്ങള്‍ ഇന്ദ്രജിത്തിന്‍റേതായി ഇനി പുറത്തുവരാനുമുണ്ട്. രാജീവ് രവിയുടെ തുറമുഖം, വൈശാഖിന്‍റെ നൈറ്റ് ഡ്രൈവ്, നവാഗതനായ ഷാന്‍ തുളസീധരന്‍റെ അനുരാധ, രതീഷ് അമ്പാട്ടിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജിനൊപ്പമെത്തുന്ന തീര്‍പ്പ്, വിഷ്‍ണു വിശാലിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം മോഹന്‍ദാസ്, എംടിയുടെ നെറ്റ്ഫ്ളിക്സ് സിരീസില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ലഘുചിത്രം എന്നിങ്ങനെയാണ് ഇന്ദ്രജിത്തിന്‍റെ വരാനിരിക്കുന്ന ലൈനപ്പ്.