കൊച്ചി: നടൻ ദിലീപ് പ്രതിയായ ക്വട്ടേഷൻ പീഡനക്കേസിൽ  നടിയെ ആക്രമിച്ച  ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി. അടച്ചിട്ട കോടതി മുറിയിൽ പ്രതികളും അഭിഭാഷകരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 16 പേരാണ് ഒരുമിച്ച് ദൃശ്യങ്ങൾ കാണുന്നത്. ദേഹപരിശോധനക്ക് ശേഷമാണ് കോടതി ഹാളിലേക്ക് ഇവരെ കടത്തിവിട്ടത്. 

ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഉപകരണങ്ങൾ പ്രതികളുടെ കൈവശമില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ദിലീപിന് വേണ്ടി രണ്ട് അഭിഭാഷകരാണ് ഇന്ന് കോടതിയില്‍ ഹാജരായത്. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്‍ധനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചിരിക്കുന്നത്. 

നടിയെ ആക്രമിച്ചതിന് തെളിവുകളുള്ള മൊബൈൽ ദൃശ്യങ്ങൾ ഒറ്റയ്ക്ക് പരിശോധിക്കാൻ അനുവദിക്കണമെന്നാണ് ദിലീപിന്‍റെ ഹര്‍ജി വാദത്തിന് ശേഷം ഉത്തരവിനായി മാറ്റി. കേസിലെ മറ്റ് അഞ്ച് പ്രതികൾക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അത് മതിയാകില്ലെന്നും ഒറ്റയ്ക്ക് പരിശോധിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.