മനുഷ്യ ബന്ധങ്ങളുടെ ഡയനാമിക്സും കാലത്തിനൊപ്പം മാറുന്ന ഹ്യൂമൻ വാല്യൂസുമാണ് പ്രദീപിൻ്റെ ഇഷ്ടവിഷയം. താൻ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കുന്നയാളല്ലെന്നും അടുത്ത പത്ത് വർഷമാണ് ചിന്തകളിലെന്നും അതാണ് സിനിമകളിൽ പ്രതിഫലിക്കുന്നതെന്നും പ്രദീപിൻ്റെ കൂൾ മറുപടി.
വേദി 2024ലെ സൈമ ഫിലിം അവാർഡ്സ്. തമിഴ് സിനിമയിലെ മിന്നും താരങ്ങളെല്ലാം മുൻ നിരയിൽ തന്നെയുണ്ട്. ലവ് ടുഡേ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിലൂടെ മികച്ച നവാഗത നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിൽ കയറി നിൽക്കുകയാണ് പ്രദീപ് രംഗനാഥൻ. ഉലകനായകൻ കമൽ ഹാസനെ തന്നെ തൃപ്തിപ്പെടുത്തുന്ന ഒരു സ്പീച്ച് പുരസ്കാരമേറ്റുവാങ്ങിക്കൊണ്ട് പ്രദീപ് നടത്തി.
"ഈ സിനിമയെ വിശ്വസിച്ച നിർമ്മാതാവ് അഗോരം സാറിന് നന്ദി. ആ വിശ്വാസത്തിന് കാരണമായ കോമാളിയുടെ നിർമ്മാതാവ് ഇഷാരി ഗണേഷ് സാറിന് നന്ദി, ആ വിശ്വാസത്തിനും കാരണമായ എൻ്റെ ഷോർട്ട് ഫിലിമുകളുടെ നിർമ്മാതാവിന് അതായത് ഈ എനിക്ക് തന്നെ നന്ദി.. ഐറ്റിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് അവൻ്റെ ആത്മവിശ്വാസത്തിന് നന്ദി..." സിനിമയിൽ ഗോഡ്ഫാദറില്ല, അഭിനയവും എഡിറ്റിങ്ങും എഴുത്തും ഡയറക്ഷനും പാട്ടെഴുത്തും അങ്ങനെ കൈവയ്ക്കാത്തതായി ഒരു മേഖലയുമില്ല. പുരസ്കാരവും ഏറ്റുവാങ്ങി നിന്നുള്ള പ്രദീപിൻ്റെ ആ വാക്കുകൾ കമൽ ഹാസന് എങ്ങനെ ഇഷ്ടപ്പെടാതെ പോകാനാണ്.
കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ മകൻ.. അവർ ഒഴച്ച് പണിയെടുത്ത് പഠിപ്പിച്ച് പ്രദീപിനെ എഞ്ചിനിയറാക്കി. വെറും ഇരുപത്തി മൂന്നാം വയസിൽ ആദ്യ ചിത്രം സംവിധാനം ചെയ്യുമ്പോൾ ആളുകൾ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചത് 'നിങ്ങളുടെ അച്ഛനാണോ പ്രൊഡ്യൂസർ' എന്നാണ്. അതിനുള്ള മറുപടിയും പ്രദീപ് രംഗനാഥൻ്റെ കൈയ്യിലുണ്ട്. "എൻ്റെ സിനിമയുടെ പ്രൊഡ്യൂസർ എൻ്റെ അച്ഛനല്ല, പക്ഷേ എൻ്റെ അച്ഛനമ്മമാർക്ക് ഇല്ലാത്ത ഡിഗ്രിക്കായി അവരെന്നെ കൂലിപ്പണിയെടുത്ത് പഠിപ്പിച്ചു. ആ പഠിപ്പിൽ നിന്ന് ലഭിച്ച അറിവുകൊണ്ടാണ് ഞാൻ കോമാളിയെടുത്തത്."
പ്രദീപ് ചെയ്ത ഷോർട് ഫിലിമുകളൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ആദ്യം ചെയ്ത 'വാട്സാപ് കാതൽ', 'കോളേജ് ഡയറീസ്' എന്നീ രണ്ട് ഷോർട് ഫിലിമുകൾ യൂട്യൂബിൽ നിന്നും മറ്റ് മത്സരങ്ങളിൽ നിന്നും നേടിയ 40,000 രൂപകൊണ്ട് പ്രദീപ് ''ആപ്(അപ്പ) ലോക്ക്' എന്ന ഷോർട് ഫിലിം ഒരുക്കി. മറ്റ് സംവിധായകരെയും നിർമ്മാതാക്കളെയും കാണിക്കാൻ എന്ന പ്ലാനിങ്ങോടെ തന്നെയാണ് പ്രദീപ് ആപ്(അപ്പ) ലോക്ക് ഒരുക്കിയത്. ഷോർട്ട് ഫിലിമുകൾക്കിടെയിൽ രണ്ട് വർഷമെടുത്ത് സിനിമയ്ക്കായി തിരക്കഥയൊരുക്കി വച്ചു. കണ്ണാടിക്ക് മുന്നിൽ നിന്ന് കഥ പറയാൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു. ഐടി കമ്പനിയിൽ ജോലി നോക്കിയിരുന്ന മറ്റ് സുഹൃത്തുക്കൾ കമ്പനി സിഇഒ ആകാൻ പ്ലാനിട്ടിരുന്നപ്പോൾ രണ്ട് വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിച്ച് സിനിമചെയ്യാനായിരുന്നു പ്രദീപിൻ്റെ പദ്ധതി. എത പണ്ണാലും പ്ലാൻ പണ്ണി പണ്ണണോം.. എന്നതായിരുന്നു ആ മിഡിൽ ക്ലാസുകാരൻ്റെ ലൈഫ് പ്ലാൻ തന്നെ...
2019ൽ കോമാളി സംവിധാനം ചെയ്തു. 2021ലെ സൈമ ഫിലിം അവാർഡ്സിൽ കോമാളിയിലൂടെ നവാഗത സംവിധായകനുള്ള പുരസ്കാരം വാങ്ങി നിന്ന പ്രദീപ് അന്ന് ആ വേദിയിൽ പറഞ്ഞതാണ്, "ഇനി ഈ വേദിയിലേയ്ക്കുള്ള എൻ്റെ വരവ് മികച്ച നവാഗതനടനുള്ള പുരസ്കാരം ഏറ്റുവാങ്ങാനാകും," എന്ന്.. കോമാളിക്ക് ശേഷം നിർമ്മാതാവ് പ്രദീപിന് സമ്മാനിച്ച കാർ തിരികെ നൽകി അതേ തുക പണമായി നൽകണമെന്ന് ആവശ്യപ്പെട്ടു. അടുത്ത വർഷങ്ങളിൽ താൻ അതിജീവിച്ചതും തൻ്റെ അടുത്ത സിനിമ സാധിച്ചെടുത്തതും ഇങ്ങനെയാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്കിപ്പുറം 2024ലാണ് ലവ് ടുഡേ സംഭവിക്കുന്നത്. രണ്ടാം ചിത്രത്തിൽ നായകനാകണമെന്ന ആവശ്യം നിർമ്മാതാവിനെ അറിയിച്ചപ്പോൾ ആദ്യം അദ്ദേഹം സമ്മതിച്ചതേയില്ല. തിയേറ്ററിൽ ആളെയെത്തിക്കാൻ തൻ്റെ കൈയ്യിൽ വഴികളുണ്ടെന്ന ഉറപ്പ് നൽകി പ്രദീപ് 'ലവ് ടുഡേ'യിൽ നായകനായി. മലയാളിയായ ഇവാന നായികയായ ചിത്രം തമിഴിൽ ട്രെൻഡ് സെറ്റർ ആയി. പണമായിരുന്നു പ്രധാനമെങ്കിൽ രണ്ടാം സിനിമ ചെയ്യാൻ ഇത്രയും വർഷമെടുക്കുമായിരുന്നില്ല. തനിക്ക് പ്രധാനം തൻ്റെ ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷനാണെന്നാണ് പ്രദീപിൻ്റെ പക്ഷം.
2025 ഫെബ്രുവരി 21ന് ഡ്രാഗൺ എത്തി. അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തിൽ പ്രദീപ് രംഗനാഥൻ നായകനാകുന്നു. വലിയ പ്രതീക്ഷവയ്ക്കാൻ ഒന്നുമില്ലെന്ന തോന്നൽ നൽകിയ ട്രെയ്‌ലർ.. എന്നാൽ തിയേറ്ററിൽ കഥയാകെ മാറി. കോമഡി, ഫാമിലി സെന്റിമെന്റ്സ്, ആക്ഷൻ, റൊമാൻസ്, ത്രിൽ, അങ്ങനെ എല്ലാം ചേർന്നൊരു മുഴുനീള എൻ്റർടെയ്നർ പാക്കേജ്. മൂന്നേ മൂന്ന് ദിവസത്തിൽ 50 കോടി കളക്ഷൻ നേടി കൂടെ മത്സരിക്കുന്ന സൂപ്പർതാര ചിത്രത്തെയും മറികടന്ന് കേരളത്തിലുൾപ്പെടെ തിയേറ്ററുകൾ നിറയ്ക്കുകയാണ് ഡ്രാഗൺ.
പന്ത്രണ്ടാം ക്ലാസുകാരനോ മുതിർന്നയാളോ ആകാൻ അനായാസം കഴിയുന്ന ശരീരപ്രകൃതം. മുമ്പ് ധനുഷ് ചെയ്ത് പോന്നിരുന്ന സിനിമകളുടെ മോഡൽ കഥകൾ പ്രദീപിന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന തോന്നൽ തന്നെയാകാം ധനുഷിനോട് താരതമ്യം ചെയ്ത് പ്രദീപിനെക്കുറിച്ച് പ്രേക്ഷകർ സംസാരിക്കുന്നതിന് കാരണം. അഭിനയ പ്രാധാന്യമുള്ള ഫാമിലി ഇമോഷൻസുള്ള, തമാശയും മാസ്സും നിറഞ്ഞ കഥാപാത്രങ്ങൾ പ്രദീപ് രംഗനാഥൻ്റെ കൈയ്യിൽ ഭദ്രം.
മനുഷ്യ ബന്ധങ്ങളുടെ ഡയനാമിക്സും കാലത്തിനൊപ്പം മാറുന്ന ഹ്യൂമൻ വാല്യൂസുമാണ് പ്രദീപിൻ്റെ ഇഷ്ടവിഷയം. താൻ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കുന്നയാളല്ലെന്നും അടുത്ത പത്ത് വർഷമാണ് ചിന്തകളിലെന്നും അതാണ് സിനിമകളിൽ പ്രതിഫലിക്കുന്നതെന്നും പ്രദീപിൻ്റെ കൂൾ മറുപടി. തലേ രാത്രി ഷൂട്ടിൻ്റെ 50 ശതമാനവും പ്ലാൻ ചെയ്യും. ഓരോ ഷോട്ടും മോണിറ്ററിൽ നോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തും. ഷോർട് ഫിലിമുകൾ ചെയ്ത് വന്ന തനിക്ക് പ്ലാനിങ്ങോടെ സിനിമചെയ്യുക ഇഷ്ടമുള്ള പണിയെന്നും പ്രദീപ്. 'ഇനിയുമൊരു സിനിമ എഴുതാൻ ഒരുപക്ഷേ വർഷങ്ങൾ എടുത്തെന്നുവരാം. മറ്റ് സംവിധായകരുടെ നടനാകാനും മറ്റ് താരങ്ങളുടെ സംവിധായകനാകാനും തയ്യാറാണ്...'
പ്രദീപ് അന്നത്തെ ആ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.. "ഞാൻ പഠിച്ചത് എന്താണെന്ന് വച്ചാൽ.. ഓരോ സ്റ്റേജിലും ആരെങ്കിലുമൊരാൾ നമ്മുടെ മേൽ നമ്പിക്ക വയ്ക്കണം.. ആനാൽ മോസ്റ്റാ അന്ത മൊതൽ നമ്പിക്കൈ നമ്മ നമ്മമേലെ വക്കണം...." തമിഴകം മുഴുവൻ വാഴ്ത്തുകയാണ് പുതിയ സൂപ്പർസ്റ്റാറിൻ്റെ വരവിനെ.
