താന്‍ അഭിനയിച്ച 'എന്ന് നിന്റെ മൊയ്തീനി'ലും 'ടേക്ക് ഓഫി'ലും ഇസ്ലാമോഫോബിയ അടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീടാണ് അത് മനസിലായതെന്നും നടി പാര്‍വതി. കോഴിക്കോട് നടന്ന 'വാച്ച് ഔട്ട്' ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'കസബ' പോലെയുള്ള സിനിമകളിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യാനുള്ള അവകാശം താന്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. 

'കസബ പോലെയുള്ള സിനിമയിലെ പ്രശ്‌നം മറ്റ് പല സിനിമകളിലും പ്രശ്‌നമായി ഇപ്പോഴും തുടരുന്നുണ്ട്. തെറ്റ് തിരുത്തി മുന്നോട്ടുപോകുന്നതിനാല്‍ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നുപറയുന്നത് തുടരും. അതിനെപ്പറ്റി വീണ്ടുമൊരു ചര്‍ച്ചയും ചോദ്യവും വരുകയാണെങ്കില്‍ അപ്പോള്‍ കിട്ടുന്ന ഇന്‍ഫര്‍മേഷനെപ്പറ്റി കേള്‍ക്കാനും തിരുത്താനും ഇനിയുള്ള സിനിമകളില്‍ അത് വരാതിരിക്കാനുമുള്ള തീരുമാനം ഞാന്‍ എടുത്തിട്ടുണ്ട്', കൈയടികള്‍ക്കിടെ പാര്‍വതി പറഞ്ഞു.

ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന നോവലിനെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാച്ചിയമ്മയായി പാര്‍വ്വതിയെ അവതരിപ്പിച്ചതിനെതിരായ സോഷ്യല്‍ മീഡിയാ വിമര്‍ശനത്തിലും പാര്‍വതി പ്രതികരിച്ചു. എഴുത്തുകാരന്റെ വര്‍ണ്ണനയില്‍ കറുത്ത നിറമുള്ള രാച്ചിയമ്മയെ 'വെളുത്ത' നിറമുള്ള ഒരു നടി അവതരിപ്പിക്കുന്നതിലെ രാഷ്ട്രീയശരിയാണ് ചര്‍ച്ചയായത്. ഈ പ്രതിഷേധം മനസിലാക്കുന്നുവെന്നും ഒരു നോവല്‍ കഥാപാത്രമായതുകൊണ്ടാണ് താന്‍ ഈ കഥാപാത്രത്തെ സ്വീകരിച്ചതെന്നും യഥാര്‍ഥ ജീവിതത്തിലെ സ്ത്രീ ആയിരുന്നു അതെങ്കില്‍ താന്‍ അതിന് തയ്യാറാവില്ലായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പാര്‍വതി സംസാരിച്ചുകൊണ്ടിരിക്കവെ സദസ്സില്‍ നിന്ന് റോസി എന്ന ട്രാന്‍സ് വുമണ്‍ 'രാച്ചിയമ്മ' വിഷയത്തിലെ പാര്‍വ്വതിയുടെ പ്രതികരണത്തിനായി പ്ലക്കാര്‍ഡ് ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങള്‍ക്കെതിരെയുള്ള നീക്കമാണെന്നും സംവാദത്തില്‍ പാര്‍വതി പറഞ്ഞു. 'അയല്‍രാജ്യങ്ങളിലെ മുസ്ലിങ്ങളെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രീലങ്കന്‍ തമിഴരെ ഉള്‍പ്പെടുത്തിയിട്ടില്ല. പിന്നീട് ഇന്ത്യ മുഴുവന്‍ ഉണ്ടായ അടിച്ചമര്‍ത്തല്‍. പ്രധാനമായും ഉത്തര്‍പ്രദേശില്‍ നടന്നത്. മുസ്ലിം സമുദായത്തിനെതിരായിത്തന്നെ നടന്ന അക്രമമെന്ന് പറയാവുന്ന തരത്തിലായിരുന്നു അത്', പാര്‍വതി പറഞ്ഞവസാനിപ്പിച്ചു.