Asianet News MalayalamAsianet News Malayalam

'ഇത്യാവോൺ ക്ലാസ്', ഈ പ്രതികാരം ജനപ്രിയം- റിവ്യു

'ഇത്യാവോൺ ക്ലാസ്' എന്ന കൊറിയൻ ഡ്രാമയുടെ റിവ്യു.

 

Itaewon class Korean Drama review
Author
First Published Sep 2, 2022, 6:10 PM IST

ജീവിതവും സ്വപ്‍നങ്ങളും തകർത്തവരോട്, പ്രിയപ്പെട്ടവരെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യുക പുതുമയുള്ള വിഷമമല്ല, മോണ്ടിക്രിസ്റ്റോ പ്രഭു മുതൽ നമുക്ക് പ്രിയപ്പെട്ടവരാണ്. ഒരൊറ്റ ലക്ഷ്യം മുന്നിൽ കണ്ട് ആസൂത്രണം ചെയ്‍ത് ക്ഷമയോടെ കരുക്കൾ നീക്കി ചതിച്ചവരോടും ഉപദ്രവിച്ചവരോടും പ്രതികാരം വീട്ടുക. പ്രഭുവിന്റെ വാശിയുടെ ആ കഥക്ക് അൽപം 'റാഗ് ടു റിച്ച്' ( RAG TO RICH) മേമ്പൊടി ചേർക്കുക. കഥാപരിസരം കൊറിയയിലെ പരിഷ്‍കാരി നഗരമായ 'ഇത്യാവോൺ' ആവുക. പശ്ചാത്തലം ഹോട്ടൽ മേഖലയും. 'ഇത്യാവോൺ ക്ലാസ്' എന്നാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച പുതിയ പ്രതികാരകഥയുടെ പേര്.  പ്രേക്ഷകപ്രീതിയിൽ പുതിയ റെക്കോഡുകളിട്ട പരമ്പര.  ലൈംഗികന്യൂനപക്ഷങ്ങളുടെയും മിശ്രിതവംശങ്ങളുടേയും പ്രാതിനിധ്യവും പുത്തൻ നഗരങ്ങളുടെ വേഗതയും പരിഷ്‍കാരവും എല്ലാം നന്നായി സംയോജിപ്പിക്കാൻ പരമ്പരക്കായി എന്നതും ശ്രദ്ധേയം.

ഒപ്പം പഠിക്കുന്ന കൂട്ടുകാരനെ വല്ലാതെ ഉപദ്രവിക്കുന്നതു കണ്ടപ്പോഴാണ് പാർക്ക് സരോയ് ,ജാങ് ഗ്യൂൻ  വോണിനെ തല്ലുന്നത്. ചെയർമാന്റെ മകനാണ് എന്നറിയാതെ. മാപ്പ് പറഞ്ഞാൽ കാര്യം വിട്ടുകളയാമെന്ന് ചെയർമാൻ പറഞ്ഞെങ്കിലും  സരോയ് വഴങ്ങിയില്ല. തെറ്റ് ചെയ്യാതെ എന്തിന് മാപ്പു പറയണം എന്നതായിരുന്നു ചോദ്യം. പിന്നാലെ ചെയർമാന്റെ കമ്പനിയിലെ ജോലി സരോയിയുടെ അച്ഛൻ രാജിവെക്കുന്നു. സരോയിക്ക് സ്‍കൂൾ വിടേണ്ടി വരുന്നു. അച്ഛനും മകനും കൂടി ഒരു റെസ്റ്റോറന്റ് തുടങ്ങാൻ ആലോചിക്കുന്നു. അതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനിടെ അച്ഛൻ അപകടത്തിൽ മരിക്കുന്നു. ലൈസൻസ് കിട്ടിയ ഹരത്തിൽ അമിതവേഗതയിൽ അശ്രദ്ധമായി  ഗ്യൂൻ വോൺ ഓടിച്ച കാറിടിച്ചാണ് സരോയിയുടെ അച്ഛൻ മരിക്കുന്നത്. കേസ് ചെയർമാൻ ഒതുക്കുന്നു. ഗ്യൂനെ തല്ലാനെത്തുന്ന സരോയ് ജയിലിലാവുന്നു. അവിടെ നിന്ന് സരോയ് പുറത്തുവരുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. ചെയർമാനെ തോൽപ്പിച്ച് പ്രതികാരം ചെയ്യണം. അതിന് അയാളുടെ വൻവിജയമായ ഹോട്ടൽശൃംഖല ജംഗ ഗ്രൂപ്പിനേക്കാൾ  വലുത് ഉണ്ടാക്കണം. ആ ലക്ഷ്യത്തിലേക്ക് സരോയ് നടത്തുന്ന യാത്രയും അതിൽ അയാൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളുമാണ് പരമ്പര പറയുന്നത്. സരോയിയുടെ ഭാഷയിൽ പറഞ്ഞാൽ അയാളുടെ ലക്ഷ്യം   മൂല്യങ്ങളിൽ വിട്ടുവീഴ്‍ച ചെയ്യേണ്ടി വരാത്ത, സ്വാതന്ത്ര്യത്തോടെ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന, ഒപ്പമുള്ളവരെ ബലികൊടുക്കേണ്ടിവരാത്ത ജീവിതമാണ്.

സരോയിക്ക് പൂർണപിന്തുണയുമായെത്തുന്ന സഹപ്രവർത്തകരും അവരുടെ പരസ്‍പരബന്ധവുമാണ് പരമ്പരയുടെ ജീവൻ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആളാണ് ജോ യിസ്യൂ. ആദ്യത്തെ പരിചയപ്പെടൽ അത്ര സുഖകരമല്ലെങ്കിലും യിസ്യൂ പിന്നെ സരോയിയുടെ കഫേയിൽ മാനേജർ ആകുന്നു. യിസ്യൂവിന്റെ ഇടപെടലുകളും നിർദേശങ്ങളുമാണ് സരോയിയുടെ സംരംഭം വിജയിപ്പിക്കുന്നത്.  സ്വപ്‍നസാഫല്യമാണ് സരോയിയുടെ സന്തോഷമെന്ന തിരിച്ചറിവിൽ അയാൾക്കൊപ്പം നടക്കുകയാണ് യിസ്യൂ. തന്റെ ഇഷ്ടം സരോയ് നിരസിക്കുമ്പോഴും യിസ്യൂ അയാളുടെ കൈവിടുന്നില്ല. താൻ ഉണ്ടെങ്കിലേ സരോയിയുടെ യാത്രക്ക് ബലമുള്ളു എന്ന് അവൾക്കറിയാം.

ഹോട്ടൽ തുടങ്ങാനുള്ള മൂലധനത്തിനായി പല പല ജോലികൾ ചെയ്‍ത് കഷ്‍ടപ്പെടുന്നതിനിടെയും ജയിൽ വാസത്തിനിടെയുമാണ് സരോയ് ചോയ് സ്യൂങ് ക്വോണും മാ ഹ്യൂൻ യീയും സരോയിക്കൊപ്പം കൂടുന്നത്.  സ്യൂങ് കോൺ പഴയ ഗുണ്ടയാണ്. ഹ്യൂൻ യീ ആകട്ടെ ട്രാൻസ് ജെൻഡറും. പിന്നെ സംഘത്തിൽ ചേരുന്ന കിം തോ നി ആകട്ടെ കൊറിയക്കാരനായ അച്ഛന് ആഫ്രിക്കക്കാരിയിൽ ജനിച്ച മകനും. അച്ഛന്റെ നാട് അംഗീകരിക്കാത്ത വേദനയാണ് തോ നീക്കുള്ളത്. ഏതെങ്കിലും തരത്തിൽ സമൂഹത്തിന്റെ അപ്രിയം നേടുന്ന ഇവരെയെല്ലാവരേയും സരോയ് ചേർത്തുപിടിക്കുന്നു. അവർ അയാളേയും.

ബന്ധങ്ങളുടെ നിർവചനങ്ങളും മുൻഗണനകളും പല രീതിയിൽ വ്യാഖ്യാനിക്കുന്ന ബന്ധങ്ങൾ പരമ്പരയിലുണ്ട്. . രോയി ആദ്യം സ്നേഹിച്ച ഓ സൂ ആഹ്, സ്വന്തമായ കാരണങ്ങളാൽ  എപ്പോഴും അകലം പാലിച്ചിരുന്നു. ആദ്യം സരോയിക്കൊപ്പം ചേരുന്ന ജാങ് ഗ്യൂൻ സൂ, ചെയർമാന്റെ രണ്ടാംഭാര്യയിലെ മകൻ, ജംഗ ഗ്രൂപ്പിലേക്ക് മടങ്ങുന്നത് യീസ്യൂ തള്ളിപ്പറഞ്ഞതുകൊണ്ടാണ്. ജീവിക്കാനുള്ള തന്റെ പ്രേരകം തന്നെ യിസ്യൂവിന്റെ സാന്നിധ്യമാണെന്ന് സരോയി വൈകിയാണ് തിരിച്ചറിയുന്നത്. തീർന്നില്ല. സരോയിയും കൂട്ടുകാരും തമ്മിലുള്ള ബന്ധം ഉപാധികളില്ലാതെയാണ്.

പാർക്ക് സരോയ് ആയി  Park Seo-joon,ഉം യിസ്യൂ ആകുന്ന  Kim Da-mi,യും അസ്സലായി. അതുപോലെ ചെയ‍ർമാൻ Jang Dae-hee ആയുള്ള Yoo Jae-myungന്റെ പ്രകടനവും അതിഗംഭീരമാണ്. വലിയ അട്ടഹാസങ്ങളോടെ പ്രകടനങ്ങളോടെ ഇല്ലാതെ ചെയർമാന്റെ കൗശലവും കരുണയില്ലായ്മയും ദുഷ്‍ടത്തരവുമെല്ലാം പ്രേക്ഷകനിലേക്ക് എത്തിക്കാൻ മ്യൂങ്ങിന് കഴിഞ്ഞു.  Ryu Kyung-soo , Lee Joo-young ,Chris Lyo Kwon Nara,  Kim Dong-hee, Ahn Bo-hyun  എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രമേയത്തിന്റെ ത്രില്ലും വേഗതയും നിലനിർത്തുന്ന തിരക്കഥയും താരങ്ങളുടെ മികച്ച പ്രകടനവും നല്ല നിർമാണനിർവഹണവും ചേർന്നുനിൽക്കുന്ന സംഗീതവും കൂടിയാകുമ്പോൾ 'ഇത്യാവോൺ ക്ലാസ്' നല്ല കാഴ്‍ചാനുഭവമാകുന്നു.

Read More : റാണിയുടെ ശരീരത്തില്‍ കുടിയേറിയ ഷെഫ്, 'മിസ്റ്റര്‍ ക്വീൻ' റിവ്യു

Follow Us:
Download App:
  • android
  • ios