സലാറിന്‍റെ 20 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്

'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'സലാര്‍'. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജഗപതി ബാബുവാണ്. 'രാജമനാര്‍' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കഥാപാത്രത്തിന്‍റെ അപ്പിയറന്‍സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജഗപതി ബാബു സ്ക്രീനില്‍ എത്തുകയെന്ന് പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പറയുന്നു.

സലാറിന്‍റെ 20 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആഗ്രഹം. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി 2022 ഏപ്രില്‍ 14 ആണെങ്കിലും ഇത് മുന്നോട്ട് നീങ്ങാനാണ് സാധ്യത. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത് മധു ഗുരുസ്വാമിയാണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്‍റെയും നിര്‍മ്മാണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona