കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് വിജയ് നായകനായ 'ജനനായകന്‍' എന്ന ചിത്രം കര്‍ണാടകത്തില്‍ വലിയ പ്രതിഷേധം നേരിടുന്നു
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പുതിയ സാഹചര്യത്തില്‍ വിജയ് ചിത്രം ജനനായകന്‍ കര്‍ണാടകത്തില്‍ പ്രതിസന്ധി നേരിടുന്നു. മാണ്ഡ്യ അടക്കമുള്ള കര്‍ണാടകത്തിലെ ചിലയിടങ്ങളില്‍ വ്യാഴാഴ്ച ചിത്രത്തിന്‍റെ പ്രദര്‍ശനം തടസപ്പെട്ടു. കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിഷേധം നിലവില്‍ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ വിജയിന്‍റെ പുതിയ സിനിമയുടെ കര്‍ണാടകത്തിലെ പ്രദര്‍ശനത്തിനും വെല്ലുവിളി ആവുകയാണ്. മാണ്ഡ്യയിലെ ഗുരുശ്രീ തിയറ്ററിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
15 ദിവസത്തേക്ക് കര്‍ണാടകം തമിഴ്നാടിന് 3500 ക്യൂസെക്സ് ജലം വിട്ടുനല്‍കണമെന്നായിരുന്നു കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശം. തിയറ്ററിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയവര്‍ പ്രസ്തുത നിര്‍ദേശത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചിത്രത്തിന്‍റെ പോസ്റ്ററുകളും ഫ്ലെക്സുകളും അടക്കമുള്ള പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരില്‍ ചിലര്‍ പ്രദര്‍ശനം നടന്നുകൊണ്ടിരുന്ന തിയറ്റര്‍ ഹാളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മറ്റ് പ്രദര്‍ശനങ്ങള്‍ തിയറ്റര്‍ മാനേജ്മെന്‍റ് റദ്ദാക്കി. ബെംഗളൂരു, മൈസൂരു അടക്കം കര്‍ണാടകത്തിലെ പല ഇടങ്ങളിലും ജനനായകന്‍റെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധമുണ്ട്.
അതേസമയം വിജയ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കര്‍ണാടക സന്ദര്‍ശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ഉയരുന്നുണ്ട്. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. സർവകക്ഷിയോഗം ചേരണമെന്നാണ് എഐഎഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിതല കൂടിക്കാഴ്ച തമിഴ്നാടിന് തിരിച്ചടി ആകുമെന്ന് ഇപിഎസ് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായുള്ള വിജയിന്‍റെ കൂടിക്കാഴ്ച ഓഗസ്റ്റ് മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ജൂലൈ 23 ന് റിലീസ് ചെയ്യപ്പെട്ട ജനനായകന്‍ കര്‍ണാടകത്തില്‍ നിന്നും മികച്ച കളക്ഷന്‍ ഇതിനകം നേടിയിട്ടുണ്ട്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം എട്ട് ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് നേടിയത് 28.60 കോടി ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 275 കോടിയും കടന്ന് കുതിക്കുകയാണ് ചിത്രം. വിജയിന്‍റെ കരിയറിലെ അവസാന ചിത്രം എന്ന ഹൈപ്പുമായാണ് സെന്‍സര്‍ പ്രതിസന്ധികള്‍ക്കൊടുവില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.



