Asianet News MalayalamAsianet News Malayalam

'ദൃശ്യം 3 ക്ലൈമാക്സ് കൈയിലുണ്ട്, ലാലേട്ടനും ഇഷ്ടപ്പെട്ടു, പക്ഷേ'; ജീത്തു ജോസഫ് പറയുന്നു

"ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്.."

jeethu joseph about the possibility of drishyam 3
Author
Thiruvananthapuram, First Published Feb 23, 2021, 8:48 PM IST

'ദൃശ്യം 2' പ്രീമിയര്‍ മുതല്‍ സിനിമാപ്രേമികളുടെ കൗതുകം കലര്‍ന്ന ആകാംക്ഷയാണ് ചിത്രത്തിന് ഇനിയൊരു ഭാഗം കൂടി ഉണ്ടാവുമോ എന്ന്. അതിന്‍റെ സാധ്യതയെക്കുറിച്ച് വിശദീകരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മൂന്നാംഭാഗത്തിന്‍റെ ക്ലൈമാക്സ് കൈയിലുണ്ടെന്ന് പറയുന്നു അദ്ദേഹം, മോഹന്‍ലാലിന് അത് ഇഷ്ടമായെന്നും. എന്നാല്‍ മൂന്നാം ഭാഗത്തിലേക്ക് എത്താനുള്ള വെല്ലുവിളികളെക്കുറിച്ചും ജീത്തു വ്യക്തമാക്കുന്നു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

jeethu joseph about the possibility of drishyam 3

 

ദൃശ്യം 3- ജീത്തു ജോസഫ് വ്യക്തമാക്കുന്നു

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്‍റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്‍റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്‍റെ ക്ലൈമാക്സ് എന്‍റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്‍റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്‍റണിയോട് പറഞ്ഞത്. ആന്‍റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios