മികച്ച അഭിപ്രായം നേടി തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്ന് വിളക്കൂതി. സമൂഹമാധ്യമത്തിലൂടെ സിനിമയിൽ മുഴുവന്‍ കഞ്ചാവ് മയം എന്ന വിമർശനവുമായി രംഗത്ത് വന്നയാൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ. 'ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്, ഇത് മൊത്തത്തിൽ സംവിധായകനും നിർമാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ' എന്നാണ് വിമർശകന്റെ കുറിപ്പ്. 'കൂട്ടിയിട്ട് കത്തിച്ചതാ, രണ്ട് ചാക്ക് ബാക്കിയുണ്ടെന്നായിരുന്നു സംവിധായകന്റെ മറുപടി. 

വിമർശകന് മറുപടിയുമായി നിർമ്മാതാവ് രാജേഷ് അഗസ്റ്റിനും രംഗത്തെത്തി അമർ അക്ബർ അന്തോണിയിലെ രമേഷ് പിഷാരടി ചെയ്ത ‘നല്ലവനായ ഉണ്ണി’യുടെ ചിത്രം പങ്കുവച്ചായിരുന്നു നിർമാതാവിന്റെ  പ്രതികരണം. മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.