ലയാളത്തിൽ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും. ചിത്രം അന്യ ഭാഷകളിലേക്കും മൊഴിമാറ്റാൻ ഒരുങ്ങുകയാണ്. തെലുങ്ക്, തമിഴ് റീമേക്കിന് പുറമേ ഹിന്ദി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോളിവുഡിലിലെ അയ്യപ്പനും കോശിയുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 

13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ജൂലൈ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. 

നിലവിൽ പത്താന്‍, ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ജോൺ. അഭിഷേക് ബച്ചന്‍ ദസ്‌വി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈ സിനിമകൾ പൂർത്തിയാക്കി ജൂലൈയിൽ ഇരുവരും അയ്യപ്പനും കോശിയും റീമേക്കിന്റെ ഭാ​ഗമാകുമെന്നാണ് വിവരം. ഇവര്‍ രണ്ട് പേരില്‍ ആരാകും അയ്യപ്പന്‍ നായരെന്നും കോശിയെന്നും കൂടി വൈകാതെ അറിയാനാകും.