മമ്മൂട്ടിയുടെ ഉമ്മയുടെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ച് ജോൺ ബ്രിട്ടാസ്.

മ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ച് ജോൺ ബ്രിട്ടാസ്. മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന മകന് ജന്മം നൽകിയ ഉമ്മ ഓർമയായി. എന്റെ അമ്മയുടെ മരണത്തിനു കൃത്യം ഒരു മാസത്തിനു ശേഷമാണ് മമ്മൂക്കയ്ക്ക് അമ്മയെ നഷ്ടപ്പെടുന്നതെന്നും ബ്രിട്ടാസ് പറയുന്നു. 

'ഉമ്മയെ കുറിച്ച് മമ്മൂക്ക പറഞ്ഞ്‌ അറിയാം...മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന മകന് ജന്മം നൽകിയ
ആ ഉമ്മ ഫാത്തിമാ ഇസ്മായിൽ ഇന്ന് ഓർമയായി..സ്വന്തം അമ്മയുടെ വേർപാടിന്റെ ദുഃഖം എത്രയെന്ന് എനിക്ക് അനുഭവത്തിലൂടെ നന്നായി അറിയാം. എന്റെ അമ്മയുടെ മരണത്തിനു കൃത്യം ഒരു മാസത്തിനു ശേഷമാണ് മമ്മുക്കയ്ക്ക് അമ്മയെ നഷ്ടപ്പെടുന്നത് … മമ്മൂക്കയുടെയും കുടുംബത്തിന്റെയും ദുഖത്തിലും വേദനയിലും പങ്ക് ചേരുന്നു', എന്നാണ് ജോൺ ബ്രിട്ടാസ് കുറിച്ചത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു ഫാത്തിമ ഇസ്മായിലിന്റെ അന്ത്യം. 93 വയസ്സായിരുന്നു. ഖബറടക്കം വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും. മമ്മൂട്ടിയുൾപ്പെടെ ആറ് മക്കളുണ്ട്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിം കുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. 

'സിനിമയിൽ‌ എനിക്ക് അടികൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുനിറയും'; അമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്ദിരൂരിൽ ജനിച്ച ഫാത്തിമ ഇസ്മായേൽ വിവാഹശേഷമാണ് വൈക്കം ചെമ്പിലെത്തിയത്. മമ്മൂട്ടിയുടെ പിതാവ് ഇസ്മായേൽ പാണംപറപ്പിൽ പത്ത് വർഷം മുമ്പാണ് മരിച്ചത്. 'എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മ ആണ്', എന്ന് മമ്മൂട്ടി ഒരിക്കല്‍ ഉമ്മയോടൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചിരുന്നു.