മലയാള സിനിമാലോകത്തെയും പ്രേക്ഷകരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അനില്‍ നെടുമങ്ങാടിന്‍റെ വിയോഗവാര്‍ത്ത. ക്രിസ്‍മസ് ദിനത്തില്‍ പ്രിയ സഹപ്രവര്‍ത്തകന്‍ മുങ്ങിമരിച്ചുവെന്ന വാര്‍ത്ത സിനിമാലോകത്തെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ വിയോഗം ഏറ്റവും ആഘാതമുണ്ടാക്കിയ ഒരാള്‍ നടന്‍ ജോജു ജോര്‍ജ് ആയിരിക്കും. കാരണം അദ്ദേഹം നായകനാവുന്ന 'പീസ്' എന്ന സിനിമയുടെ ഷൂട്ടിംഗിന് പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു അനില്‍ നെടുമങ്ങാട്. വിവരമറിഞ്ഞ് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് സംസാരിക്കാവുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല അദ്ദേഹം. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അനിലുമൊത്തുള്ള അവസാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

ഒരു വാക്കും കുറിയ്ക്കാതെയാണ് തന്‍റെ പ്രിയ സഹപ്രവര്‍ത്തകനായിരുന്ന അനില്‍ പി നെടുമങ്ങാടുമൊത്തുള്ള ചിത്രങ്ങള്‍ ജോജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു റബ്ബര്‍ തോട്ടത്തിനു നടുവിലെ ലൊക്കേഷന്‍ എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തുനിന്നുമുള്ള മൂന്ന് ചിത്രങ്ങളുണ്ട് പോസ്റ്റില്‍. മൂന്നിലും ഇരുവരും തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നു. നാലാമത് മറ്റൊരു ചിത്രം കൂടി ജോജു പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ അനിലിന്‍റെ സംസ്‍ക്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയുള്ള ചിത്രമാണ് അത്.

നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന 'പീസി'ന്‍റെ ഷൂട്ടിംഗ് നവംബര്‍ 15നാണ് തൊടുപുഴയില്‍ ആരംഭിച്ചത്. 'റസ്റ്റ് ഇന്‍ പീസ്' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നിശ്ചയിച്ചിരുന്നത്. പിന്നീട് 'പീസ്' എന്ന് ചുരുക്കുകയായിരുന്നു. 24, 25 ദിവസങ്ങളില്‍ അനിലിന് ഷൂട്ടിംഗ് ഇല്ലായിരുന്നു. ഈ ദിവസങ്ങളില്‍ തന്നെ കാണാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ക്രിസ്‍മസ് ദിനത്തില്‍ വൈകിട്ട് മലങ്കര ഡാം സൈറ്റിലേക്ക് അനില്‍ പോയത്. ഇനി അഞ്ച് ദിവസത്തെ ചിത്രീകരണം മാത്രമാണ് സിനിമയ്ക്ക് അവശേഷിക്കുന്നത്. ഇതില്‍ മൂന്ന് ദിവസത്തെ ചിത്രീകരണത്തിലായിരുന്നു അനിലിന് പങ്കെടുക്കാനുണ്ടായിരുന്നത്. എസ് ഐ ഡിക്‍സണ്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് അനില്‍ അവതരിപ്പിച്ചത്. നേരത്തെ സച്ചിയുടെ സംവിധാനത്തിലെത്തിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍ അനില്‍ അവതരിപ്പിച്ച 'സിഐ സതീഷ് കുമാര്‍' എന്ന കഥാപാത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.