10 മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് കൊച്ചിയിൽ ആരംഭിച്ചു. ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ മുൻ പ്രസിഡൻറ് മോഹൻലാൽ, ഇത്തവണ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവൻ അടക്കമുള്ളവർ ഇതിനകം വോട്ട് ചെയ്യാൻ എത്തിയിട്ടുണ്ട്. വോട്ടിംഗിന് എത്തിയ താരങ്ങളുടെ പ്രതികരണങ്ങളിലെ വിമർശനസ്വരം ജോയ് മാത്യുവിൻറേതാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ പത്രിക തള്ളിയതിന് പിന്നിൽ ബോധപൂര്‍വ്വമായ നീക്കമുണ്ടെന്നാണ് ജോയ് മാത്യു പറഞ്ഞത്. പത്രിക തള്ളിയതിലെ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാകുമെന്നും ജോയ് മാത്യു അറിയിച്ചു.

അമ്മയിൽ ഒരിക്കലും ഒരു പൊട്ടിത്തെറി ഉണ്ടാവില്ലെന്നാണ് രവീന്ദ്രൻറെ പ്രതികരണം. പൊട്ടിത്തെറി ഉണ്ടാവുമോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിക്കാൻ ഇതെന്താ പടക്കക്കടയോ എന്ന് മറുചോദ്യം. “എല്ലാവരിൽ നിന്നും വോട്ട് ഉറപ്പിച്ചിട്ടുണ്ട്. വിജയിക്കുമെന്ന് തന്നെയാണ് ഉറച്ച പ്രതീക്ഷ. വനിതകൾ, പുരുഷന്മാർ എന്നിങ്ങനെ വേർതിരിവില്ല. ഞങ്ങളെല്ലാവരും ഒരു കുടുംബമാണ്”, രവീന്ദ്രൻ പ്രതികരിച്ചു. ഇത്ര വലിയ ആരോപണ പ്രത്യാരോപണങ്ങൾ ഇതാദ്യമാണെന്നും ഇങ്ങനെയൊക്കെ ഉണ്ടെന്ന് നേരത്തെ അറിഞ്ഞാൽ തെരഞ്ഞെടുപ്പിൽ നിൽക്കില്ലായിരുന്നുവെന്നും നാസർ ലത്തീഫ് പ്രതികരിച്ചു.

നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും അമ്മ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും നടൻ ധർമ്മജൻ പ്രതികരിച്ചു. “വനിതാ നേതൃത്വം വരുന്നത് നല്ലത്. വിവാദങ്ങൾ ഒരു വഴിക്ക് നടക്കും. മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ല”, ധർമ്മജൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും സംഘടന ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും ആദ്യമായി മത്സരിക്കുന്നതിന്റെ ത്രില്ലിലാണെന്നുമാണ് സജിത ബേട്ടിയുടെ പ്രതികരണം. വനിതകളോ പുരുഷന്മാരോ എന്നല്ല, അംഗങ്ങൾക്ക് സ്വീകാര്യരായ ആളെ തെരഞ്ഞെടുക്കുമെന്നും ആൻറണി പെരുമ്പാവൂർ പ്രതികരിച്ചു. ഇത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്ന് നടി ലക്ഷ്മിപ്രിയ പ്രതികരിച്ചു. “അമ്മ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. അത് ആരും അറിയുന്നില്ല. എല്ലാം ജനങ്ങളിലേക്ക് എത്തിക്കണം”, ലക്ഷ്മിപ്രിയ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News