മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ജി ആര്‍ ഇന്ദുഗോപന്റെ ഒരു കഥാപാത്രത്തെ മുന്‍നിര്‍ത്തി സിനിമയൊരുക്കാന്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ 'പ്രഭാകരന്‍ സിരീസി'ലെ നായകനെ മുന്‍നിര്‍ത്തിയാവും സിനിമ. 'ഡിറ്റക്ടീവ് പ്രഭാകരന്‍' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അനന്ദ വിഷന്‍സിന്റെ ബാനറില്‍ പി കെ മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് നിര്‍മ്മാണം.

ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയില്‍ ഒരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച് എന്നിവയാണ് ഇന്ദുഗോപന്‍ പ്രഭാകരന്‍ പരമ്പരയില്‍ എഴുതിയ നോവലുകള്‍. പ്രഭാകരന്‍ പരമ്പര വായിച്ചപ്പോള്‍ ഇതുവരെ ആരുമിത് സിനിമയാക്കാത്തത് എന്താണെന്ന് അമ്പരന്നുപോയെന്നും ഇന്ദുഗോപനെ സമീപിച്ചപ്പോള്‍ സമ്മതം നല്‍കിയെന്നും ജൂഡ് ആന്തണി ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ പ്രഭാകരനെ ആര് അവതരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കിയിട്ടുമുണ്ട്.

ജൂഡ് ആന്തണിയുടെ കുറിപ്പ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഭാകരന്‍ സിരീസ് വായിച്ചപ്പോള്‍ അമ്പരന്ന് പോയിട്ടുണ്ട്. എന്തേ ഇതുവരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്. പിന്നീട് മനോരമയിലെ പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപന്‍ ചേട്ടനെ പരിചയപ്പെട്ടപ്പോള്‍ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ച് ചെന്നിട്ടുണ്ടെന്ന്. എന്റെ ഭാഗ്യത്തിന് ചേട്ടന്‍ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകന്‍. അതാണ് ഞങ്ങളുടെ പ്രഭാകരന്‍. പ്രഭാകരനെ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങള്‍. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ, ആകാംക്ഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റെയും ആഗ്രഹം. അവതരിപ്പിക്കുന്നു 'ഡിറ്റക്റ്റീവ് പ്രഭാകരന്‍'. ഒരുപക്ഷെ ലോകസിനിമയില്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് കാസ്റ്റിങ് ചെയ്യാനുള്ള ആദ്യ അവസരം. നിങ്ങളുടെ മനസിലുള്ള പ്രഭാകരനെ കമന്റ് വഴി നിര്‍ദ്ദേശിക്കൂ. ഞങ്ങള്‍ കാത്തിരിക്കുന്നു. Announcing the title here.