Asianet News MalayalamAsianet News Malayalam

ആര്യൻ ഖാന് ജൂഹി ചൗള ജാമ്യം നിൽക്കും; മോചനം ഇന്നുണ്ടാകില്ല, നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കാനായില്ല

കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി താരപുത്രന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല എന്നിങ്ങനെ 14 കർശന നിർദ്ദേശങ്ങളാണ് ഉള്ളത്. 

Juhi Chawla stands surety for aryan khan in drug case
Author
Mumbai, First Published Oct 29, 2021, 5:36 PM IST

മുംബൈ: മയക്കുമരുന്ന് (Drugs case) കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് (aryan khan) നടി ജൂഹി ചൗള ആൾ ജാമ്യം നിൽക്കും. ഇന്ന് വൈകിട്ട് തന്നെ ആര്യൻ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ വൈകുന്നതിനാൽ നാളെയായിരിക്കും മോചനം. 

കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി താരപുത്രന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല എന്നിങ്ങനെ 14 കർശന നിർദ്ദേശങ്ങളാണ് ഉള്ളത്. 

കേസ് സംബന്ധിച്ച് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്താൻ പാടില്ല.  മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകൾ. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.

23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. 22 ദിവസമായി ആര്യൻ ആർതർ റോഡ് ജയിലിലാണ്. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അർബാസ് മർച്ചന്‍റിനെ അച്ഛൻ അസ്ലം മർച്ചന്‍റ് ജയിലിലെത്തി കണ്ടു. 

ആര്യൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ്  ഹൈക്കോടതിയിൽ ഹാജരായത്.  ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം  പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. 

Follow Us:
Download App:
  • android
  • ios