എസ് മഹേഷ് ആണ് ചിത്രത്തിന്‍റെ സംവിധാനം
മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് നായകനാവുന്ന കാളിയന്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഇത്. ഇപ്പോഴിതാ ചിത്രം പ്രീ പ്രൊഡക്ഷനിലേക്ക് നടന്നിരിക്കുകയാണ്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് അടക്കമുള്ള പല കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടുപോയ ചിത്രമാണിത്. മാധ്യമ പ്രവര്‍ത്തകന്‍ എസ് മഹേഷ് ആണ് ചിത്രത്തിന്‍റെ സംവിധാനം. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് നിര്‍മ്മാണം.
കെജിഎഫ്, സലാര്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍രൂര്‍ ആണ് കാളിയന് സംഗീതം പകരുന്നത്. പി ടി അനില്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ദേശീയ അവാർഡ് ജേതാവ് ബംഗ്ലൻ ആണ് പ്രൊഡക്ഷൻ ഡിസൈന്‍. വസ്ത്രാലങ്കാരം സുജിത് സുധാകർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നിരവധി കളരിപ്പയറ്റ് രംഗങ്ങളും ഉണ്ടാവും.
നമ്മുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ നടന്നതുമായ സംഭവമാണ് ചിത്രം പറയുന്നതെന്ന് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു- “അത് എന്തുകൊണ്ട് ചരിത്രത്തില്‍ വന്നില്ല എന്ന ഒരു ചോദ്യവും ഉത്തരവുമാണ് ഈ സിനിമ. ആക്ഷന് പ്രാധാന്യമുള്ള പിരീഡ് ഡ്രാമയാണ് കാളിയന്‍. തെക്കന്‍ കളരിയെപ്പറ്റി കൃത്യമായി പ്രതിപാദിച്ചുപോകുന്ന സിനിമയാണ്. നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ളത് വടക്കന്‍ കളരിയാണ്. തെക്കന്‍ കളരിയുടെ ബലത്തില്‍ യുദ്ധം നയിച്ച ഒരാളുടെ, വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുടെ കഥയാണ്”, നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

