മുംബൈ: ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കല്‍ക്കി കോച്‍ലിന്‍ രം​ഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം കൽക്കി വെളിപ്പെടുത്തിയത്. ഇസ്രായേലി പിയാനിസ്റ്റായ ഗയ് ഹേഷ്ബര്‍ഗുമായി കൽക്കി പ്രണയത്തിലായിരുന്നു. ഇതിന് പിന്നാലെ വിവാഹിതയാകാതെ ​ഗർഭം ധരിച്ചെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമാണ് താരത്തിനെതിരെ ഉയർന്നത്. ഇപ്പോഴിതാ, എട്ടുമാസം പൂർ‌ത്തിയായ താരം സോഷ്യൽമീഡിയയിലൂടെ തന്റെ നിറവയർ ചിത്രം പങ്കുവച്ചിരിക്കുകയാണ്.

ഒരു മാസികയ്ക്ക് വേണ്ടി എടുത്ത ഫോട്ടോഷൂട്ടിലാണ് കൽക്കി തന്റെ നിറവയർ പ്രദർശിപ്പിച്ചത്. “എന്നെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജോലിയാണ്. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ജോലിയെ അനുവദിക്കുക”, “ആശയങ്ങളും വസ്തുക്കളും മനോഹരമായിരിക്കാം, അതിനാൽ എന്തിന് അതിനെ കേവലം ശാരീരികതയിലേക്ക് പരിമിതപ്പെടുത്തുന്നത് ?”,

“നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല. ആളുകൾ എന്റെ ചിരിയും കണ്ണിന് താഴെയുള്ള ചുളിവുകളും കാണണം, അവയെല്ലാം പ്രായത്തിനും അനുഭവത്തിനുമൊപ്പം ശക്തിപ്പെടുകയാണ്”, എന്നീ അടിക്കുറിപ്പോടെയായിരുന്നു കൽക്കി ചിത്രങ്ങൾ പങ്കുവച്ചത്.

കൽക്കിയെ പിന്തുണച്ച് നടി രാധിക ആപ്തെയും രം​ഗത്തെത്തിയിട്ടുണ്ട്. കൽക്കി പങ്കുവച്ച ചിത്രത്തിന് താഴെ ഹാർട്ട് ഇമോജി നൽകിയായിരുന്നു രാധിക പിന്തുണച്ചത്. രാധികയും കൽക്കിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.