പാര്‍ലമെന്റിലെ ഭൂരിപക്ഷം രാജ്യത്തിന്റെ ഘടനയെ തകര്‍ക്കാനുള്ള അവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കമല്‍ഹാസന്‍. നിലവിലെ ദുര്‍ഭരണം അവസാനിക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് കമലിന്റെ പ്രതികരണം.

'ഇതാണ് സമയം, പാര്‍ലമെന്റിലെ ഭൂരിപക്ഷം എന്റെ രാജ്യത്തിന്റെ ഘടനയെ നശിപ്പിക്കാനുള്ള അവകാശമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് ശേഷം അവരുടെ അടുത്ത ആശയം ദേശീയ പൗരത്വ രജിസ്റ്റര്‍ ആണ്. രേഖീയമായ തെളിവുകളുടെയോ അതിന്റെ അഭാവത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരാളുടെ പാരമ്പര്യത്തെ നിഷേധിക്കാനാവില്ല. ഈ ദുര്‍ഭരണം തീരുംവരെ എന്റെ പോരാട്ടം അവസാനിക്കില്ല', കമല്‍ ഹാസന്‍ കുറിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ മദ്രാസ് സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ കമല്‍ ഹാസനെ പൊലീസ് തടഞ്ഞിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.