തന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസനെ നായകനാക്കി തുടങ്ങിയ 'കണ്ടേന്‍ സീതയെ' എന്ന തമിഴ് ചിത്രം പത്ത് ദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങിപ്പോയതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍

മലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ ആണ് ബാലചന്ദ്ര മേനോന്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കൊപ്പം നായക വേഷവും ക്യാരക്റ്റര്‍ റോളുകളുമൊക്കെ ചെയ്ത് തലമുറകളുടെ മനസില്‍ ഇടംനേടിയ ആളാണ് അദ്ദേഹം. മറ്റ് സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഫിലിംമേക്കര്‍ എന്ന നിലയില്‍ ഒരു കാലത്ത് ഏറ്റവും വിജയ ശരാശരി ഉള്ള സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ കരിയറിലെ മികച്ച കാലത്ത് താന്‍ നേരിട്ട ഒരു പ്രതിസന്ധിയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് അദ്ദേഹം. കമല്‍ ഹാസനെ നായകനാക്കി തമിഴില്‍ ചെയ്യാന്‍ ആരംഭിച്ച സിനിമ ഇടയ്ക്കുവച്ച് മുടങ്ങിപ്പോയതിന്‍റെ സത്യാവസ്ഥയാണ് അദ്ദേഹം 30 വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്ന് പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോന്‍ ഇക്കാര്യം പറയുന്നത്.

ബാലചന്ദ്ര മേനോന്‍റെ രചനയിലും സംവിധാനത്തിലും 1993 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അമ്മയാണെ സത്യം. നടി ആനിയുടെ അരങ്ങേറ്റ ചിത്രവുമായിരുന്നു ഇത്. കണ്ടേന്‍ സീതയെ എന്ന പേരില്‍ അമ്മയാണെ സത്യം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ബാലചന്ദ്ര മേനോന്‍ ശ്രമിച്ചിരുന്നു. എന്ന് മാത്രമല്ല, 10 ദിവസം സിനിമയുടെ ചിത്രീകരണം എറണാകുളത്ത് നടക്കുകയും ചെയ്തു. കമല്‍ ഹാസന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ലൊക്കേഷനില്‍ എത്തിയ സുഹൃത്തുക്കള്‍ കൊടുത്ത ആശയത്തില്‍ ആകൃഷ്ടനായി കമല്‍ ചിത്രീകരണം അവിടെവച്ച് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. “എറണാകുളത്തായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ്. 10 ദിവസം വര്‍ക്ക് ചെയ്തു. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉണ്ടാകാവുന്ന അസുഖകരമായ ചില പ്രവണതകള്‍ ഉണ്ട്. ആ സമയത്ത് അവിടെ ക്രേസി മോഹന്‍ എന്നൊരു ആളും മൂന്നാല് പേരും കൂടി സെറ്റില്‍ വന്നു. അവര്‍ കാണുന്നത് കമല്‍ ഹാസന്‍ അഭിനയിക്കുന്നു, ഒപ്പം ഒരു പെണ്ണ് ആണായിട്ട് അഭിനയിക്കുന്നു. അവിടെ ഒരു ഡിസ്കഷന്‍ നടന്നു. അവള്‍ക്കല്ലേ സ്കോര്‍ ചെയ്യാന്‍ പറ്റൂ, നിനക്ക് എന്തുകൊണ്ട് ചെയ്തുകൂടാ. അങ്ങനെ ഒരു വൃത്തികെട്ട ചിന്ത വന്നു. ആ ചിന്തയുടെ എക്സ്റ്റന്‍ഷന്‍ ആണ് അവൈ ഷണ്‍മുഖി. ഇത് ക്യാന്‍സല്‍ ചെയ്തിട്ട് പുള്ളി അത് ചെയ്തു. അതിലൊന്നും അയാള്‍ക്ക് (കമല്‍ ഹാസന്‍) യായൊരു സെന്‍റിമെന്‍റ്സും ഇല്ല. ആ പ്രോജക്റ്റില്‍ നിന്ന് ഞാന്‍ പഠിച്ചൊരു പാഠമുണ്ട്. അടി കൊണ്ടാലും മോതിരമിട്ട കൈ കൊണ്ട് കൊള്ളണമെന്ന് പറയുന്ന കാര്യം. ഈ പടത്തിന്‍റെ (അമ്മയാണെ സത്യം) തമിഴ് രൂപാന്തരം എടുത്തത് ഒരു വിഗ് മേക്കര്‍ ആണ്. അയാള്‍ക്ക് ആ വിലയേ ഉള്ളൂ. കമല്‍ ഹാസന്‍ അയാളെ ഇങ്ങ് വിളിച്ചു. അയാള്‍ക്ക് പണം കൊടുത്തു. പറഞ്ഞുവിട്ടു. ബാനര്‍ ഒന്നും ഉണ്ടായിരുന്നില്ല”, ബാലചന്ദ്ര മേനോന്‍ പറയുന്നു.

ആ ദേഷ്യം കമല്‍ ഹാസനോട് ഇപ്പോഴും ഉണ്ടോ എന്ന ചോദ്യത്തിന് ബാലചന്ദ്ര മേനോന്‍റെ മറുപടി ഇങ്ങനെ- “ഞാന്‍ കാണിക്കാറില്ല അത്. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് കമല്‍ ഹാസന്‍ വളരെ സ്വാര്‍ഥനാണ്. അയാളുടെ സ്വഭാവം അതാണ്. കമല്‍ ഹാസന്‍ ഇങ്ങോട്ട് വന്നതാണ്. ആദ്യം ഭയങ്കര സഹകരണമായിരുന്നു എന്നോട്. സുഹൃത്തുക്കളുടെ നിര്‍ദേശം വന്നപ്പോള്‍ അയാള്‍ക്ക് അങ്ങനെ തോന്നി. എന്തിന് അവള്‍ ഷൈന്‍ ചെയ്യുന്നു, ഞാന്‍ ചെയ്താല്‍ പോരേ എന്ന്”, ബാലചന്ദ്ര മേനോന്‍ പറ‌ഞ്ഞവസാനിപ്പിക്കുന്നു. അതേസമയം കമല്‍ ഹാസന്‍ സ്ത്രീവേഷം കെട്ടി എത്തിയ അവ്വൈ ഷണ്മുഖിയുടെ റിലീസ് 1996 ല്‍ ആയിരുന്നു. 1993 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം മിസിസ് ഡൗട്ട്ഫയറിന്‍റെ റീമേക്ക് ആണ് അവ്വൈ ഷണ്മുഖി എന്നാണ് അണിയറക്കാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കമല്‍ ഹാസന് അത്തരമൊരു വേഷത്തിന്‍റെ പ്രചോദനം കിട്ടിയത് അമ്മയാണെ സത്യത്തില്‍ നിന്ന് ആയിരിക്കാം. കെ എസ് രവികുമാര്‍ ആയിരുന്നു അവ്വൈ ഷണ്മുഖിയുടെ സംവിധാനം. ഈ ചിത്രം ചാച്ചി 420 എന്ന പേരില്‍ ഹിന്ദിയില്‍ കമല്‍ ഹാസന്‍ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ചിട്ടുമുണ്ട്. അതേസമയം അവ്വെ ഷണ്മുഖിയുടെ സ്റ്റോറി ക്രെഡിറ്റില്‍, ബാലചന്ദ്ര മേനോന്‍ പറയുന്ന ക്രേസി മോഹന്‍റെ പേരാണ് കൊടുത്തിരിക്കുന്നത്.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming