മദ്രാസ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മദ്രാസ് സര്‍വ്വകലാശാലയില്‍ എത്തിയ കമല്‍ഹാസനെ തടഞ്ഞു. കമല്‍ഹാസനെ ക്യാമ്പസിനകത്ത് കയറ്റില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. 

പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകലാശാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സർവ്വകലാശാല പരിസരത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് സർവ്വകലാശാലയില്‍ വിദ്യാർത്ഥികള്‍ സമരം നടത്തുന്നത്.  കേന്ദ്രത്തിന്‍റെയും സുപ്രീംകോടതിയുടെയും പരിധിയിലുള്ള വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് രജിസ്ട്രാർ അറിയിച്ചെങ്കിലും, കേന്ദ്ര നിലപാടിനും ദില്ലി പൊലീസ് നടപടിക്കും എതിരായാണ് പ്രതിഷേധമെന്ന് വിദ്യാർത്ഥികൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി റദ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഏവരും.