ആരാധകര്‍ കാത്തിരിക്കുന്ന കമല്‍ഹാസൻ-ശങ്കര്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന  'ഇന്ത്യൻ 2' വിന്‍റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും. നേരത്തെ ബജറ്റ് സംബദ്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിയിരുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകൻ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍  വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്‍റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.