നടി കങ്കണയ്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനവുമായി നടിയും രാഷ്‍ട്രീയക്കാരിയുമായ നഗ്‍മ. സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണ് കങ്കണയുടെ സിനിമ കരിയര്‍ എന്നാണ് നഗ്മ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. ഇതിന് എതിരെ കങ്കണയുടെ ടീമും രംഗത്ത് എത്തി. കങ്കണ സ്വജനപക്ഷപാതം കൊണ്ട് വളര്‍ന്നത് അല്ല എന്നായിരുന്നു അവരുടെ വാദം. എന്തായാലും ഇരുവരുടെയും പ്രതികരണങ്ങള്‍ വിവാദമായിട്ടുണ്ട്. കങ്കണയ്‍ക്കൊപ്പമുള്ള മഹേഷ് ഭട്ട് അടക്കമുള്ളവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തായിരുന്നു നഗ്‍മയുടെ പ്രതികരണം.

സുശാന്ത് രാജ്‍പുതിന്റെ മരണത്തോടെയായിരുന്നു ഹിന്ദി സിനിമ ലോകത്ത് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിച്ചത്. സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് ഹിന്ദി സിനിമയിലെ സ്വജനപക്ഷപാതവും വേര്‍തിരിവുമാണ് എന്നായിരുന്നു താരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയത്. ആരാധകരും സുശാന്ത് സിംഗ് മരിക്കാനിടയായതിന്റെ കാരണങ്ങള്‍ എന്തെന്ന് ചോദിച്ച് രംഗത്ത് എത്തി. ഇപ്പോള്‍ കങ്കണയും സ്വജനപക്ഷപാതം കൊണ്ടാണ് വളര്‍ന്നത് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് നഗ്മ സാമൂഹ്യമാധ്യമത്തില്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആദിത്യ പഞ്ചോളി, ഇമ്രാൻ ഹാഷ്‍മി, മഹേഷ് ഭട്ട്, ഹൃത്വിക് റോഷൻ, രംഗോലി ചന്ദല്‍ എന്നിവര്‍ക്കൊപ്പമുള്ള കങ്കണയുടെ ഫോട്ടോയായിരുന്നു നഗ്മ പങ്കുവെച്ചത്. ഇതിന് എതിരെ കങ്കണയുടെ ടീം രംഗത്ത് എത്തി. ആദിത്യ പഞ്ചോളി കങ്കണയുടെ കാമുകനായിരുന്നില്ല എന്ന് ഒരുപാട് തവണ വ്യക്തമാക്കിയതാണ്. ദ്രോഹം ചെയ്‍തയാളാണ്. അനുരാഗ് ബസുവിന് കങ്കണയെ പരിചയപ്പെടുത്തിയത് അയാളല്ല. ആദ്യ ചിത്രമായ ഗ്യാങ്‍സ്റ്ററിനായി ഓഡിഷന് പോയാണ് ചിത്രത്തിലെത്തിയത്. അത് സ്വജനപക്ഷപാതമല്ല. രംഗോലി കങ്കണയുടെ സിനിമയുടെ ഡേറ്റുകള്‍ നിയന്ത്രിക്കാൻ ആരംഭിച്ചു. കങ്കണ ഇംഗ്ലീഷ് സംസാരിക്കാറില്ല. ഏതൊരു സഹോദരിയും ചെയ്യുന്നതുമാത്രമേ അവര്‍ ചെയ്‍തുള്ളൂവെന്നും കങ്കണയുടെ ടീം പറയുന്നു.