'ജീവിതത്തില്‍ ഇതുവരെ ഒരു നല്ല ചിത്രം ഒരുക്കിയിട്ടില്ലാത്ത സംവിധായകനെ 600 കോടിയുടെ ചിത്രം ഏല്‍പ്പിച്ചതിന്‍റെ കാരണം വേറെന്താവും?'

ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രമാണ് ബ്രഹ്‍മാസ്ത്ര. രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. എന്നാല്‍ റിലീസിനു മുന്‍പ് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണാഹ്വാനവും നടന്നിരുന്നു. ഒരു പഴയ അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ ബീഫ് തന്‍റെ ഇഷ്ട ഭക്ഷണമാണെന്ന് പറഞ്ഞിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്കരണാഹ്വാനം. ആദ്യദിനം സമ്മിശ്രാഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കടുത്ത ഭാഷയില്‍ അടിമുടി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൌത്ത്. ബ്രഹ്‍മാസ്ത്രയുടെ സംവിധായകന്‍ അയന്‍ മുഖര്‍ജി ഒരു പ്രതിഭയാണെന്നു വിളിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്നുവരെ കങ്കണ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് കങ്കണയുടെ പ്രതികരണം.

"നിങ്ങള്‍ ഒരു അസത്യത്തെ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. കരണ്‍ ജോഹര്‍ തന്‍റെ എല്ലാ ഷോകളിലും അലിയ ഭട്ടിനെയും രണ്‍ബീര്‍ കപൂറിനെയും മികച്ച അഭിനേതാക്കളെന്നും അയന്‍ മുഖര്‍ജിയെ ഒരു പ്രതിഭയെന്നും വിളിപ്പിക്കാന്‍ പരിശ്രമിച്ചിരുന്നു. പോകപ്പോകെ ഈ അസത്യം അദ്ദേഹം സ്വയമേവയും വിശ്വസിച്ചുപോയെന്നു തോന്നുന്നു. ജീവിതത്തില്‍ ഇതുവരെ ഒരു നല്ല ചിത്രം ഒരുക്കിയിട്ടില്ലാത്ത സംവിധായകനെ 600 കോടിയുടെ ചിത്രം ഏല്‍പ്പിച്ചതിന്‍റെ കാരണം വേറെന്താവും? ഫോക്സ് സ്റ്റുഡിയോയുടെ ഇന്ത്യന്‍ ശാഖയ്ക്ക് തങ്ങളെത്തന്നെ കച്ചവടം ചെയ്യേണ്ടിവന്നു ഈ സിനിമയ്ക്ക് ഫണ്ട് ചെയ്യാന്‍. ഈ കോമാളികള്‍ കാരണം ഇനിയും എത്ര സ്റ്റുഡിയോകള്‍ ഇവിടെ അടച്ചുപൂട്ടപ്പെടും?", കങ്കണ തുടരുന്നു.

"അവരുടെ ഗ്രൂപ്പിസം അവരെത്തന്നെ തിരിഞ്ഞുകൊത്തുകയാണ് ഇപ്പോള്‍. മാധ്യമങ്ങളെ നിയന്ത്രിക്കലും നിരൂപണങ്ങള്‍ പണം കൊടുത്ത് വാങ്ങലുമടക്കം എല്ലാം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും, ഒരു നല്ല ചിത്രം ഒരുക്കുന്നത് ഒഴികെ. അയന്‍ മുഖര്‍ജിയെ ഒരു പ്രതിഭയെന്ന് വിളിക്കുന്ന എല്ലാവരെയും അടിയന്തരമായി ജയിലില്‍ ഇടണം. ഈ ചിത്രം നിര്‍മ്മിക്കാന്‍ 12 വര്‍ഷങ്ങളെടുത്തു അദ്ദേഹം. 14 ഛായാഗ്രാഹകരെ മാറ്റി, 400 ല്‍ അധികം ദിവസങ്ങളില്‍ ചിത്രീകരണം നടത്തി, 85 സഹസംവിധായകരെ മാറ്റി, എല്ലാത്തിനും പുറമെ 600 കോടി വെറും ചാരമാക്കി. മതവികാരത്തെ കാര്യസാധ്യത്തിനായി ഉപയോഗപ്പെടുത്താനും ശ്രമിച്ചു. ചിത്രത്തിന്‍റെ പേര് ജലാലുദ്ദീന്‍ റൂമി എന്നതില്‍ നിന്നും ശിവ എന്നാക്കി മാറ്റിയത് അവസാന നിമിഷമാണ്. ബാഹുബലി നേടിയ വിജയം മനസില്‍ വച്ചുകൊണ്ടാണ് ഇത്. അവസരവാദികള്‍, സര്‍ഗാത്മകതയില്ലാത്തവര്‍, വിജയം നേടാനാവാത്ത ആര്‍ത്തിപിടിച്ച ആളുകളെ പ്രതിഭകളെന്നു വിളിക്കുന്നത് രാത്രിയെ പകലെന്ന് വിളിക്കുന്നതുപോലെയാണ്", കങ്കണ പറയുന്നു.

Scroll to load tweet…

"പെരുമാറ്റത്തിന്‍റെ പേരില്‍ കരണ്‍ ജോഹര്‍ ചോദ്യം ചെയ്യപ്പെടണം. തന്‍റെ ചിത്രങ്ങളുടെ തിരക്കഥകളേക്കാള്‍ അദ്ദേഹത്തിന് താല്‍പര്യം മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് അറിയാനാണ്. നിരൂപണങ്ങളും വ്യാജ കളക്ഷന്‍ കണക്കുകളും പണമെറിഞ്ഞ് സൃഷ്ടിക്കും അദ്ദേഹം. ഇത്തവണ ഹിന്ദുത്വവും തെന്നിന്ത്യന്‍ തരംഗവും മുതലെടുക്കാനായിരുന്നു ശ്രമം. എല്ലാവരും പൊടുന്നനെ പൂജാരിമാരായി മാറി. തെന്നിന്ത്യന്‍ അഭിനേതാക്കളോടും എഴുത്തുകാരോടും സംവിധായകരോടും ഈ ചിത്രം പ്രൊമോട്ട് ചെയ്യണമെന്ന് കാലുപിടിക്കുകയായിരുന്നു അവര്‍. എല്ലാം അവര്‍ ചെയ്യും. പക്ഷേ ഒരു നല്ല രചയിതാവിനെയോ സംവിധാകനെയോ അഭിനേതാക്കളെയോ അവര്‍ വിളിക്കില്ല. നമുക്ക് നമ്മുടെ സിനിമകള്‍ അവതരിപ്പിക്കാനായി രാജ്യത്ത് നിലവില്‍ ഒരു അന്തര്‍ദേശീയ സ്റ്റുഡിയോ പോലും അവശേഷിച്ചിട്ടില്ല. സിനിമാ മാഫിയ അവരുടെ സംവിധാനത്തിലേക്ക് കടന്നുകയറുകയും അതിനെ തരിശാക്കുകയും ചെയ്തു. സ്റ്റുഡിയോകളില്ലാതെ, പരമ്പരാഗത നിര്‍മ്മാതാക്കളുടെ മാത്രം സാന്നിധ്യത്തില്‍ നമ്മളെങ്ങനെയാണ് സിനിമകള്‍ എടുക്കുക"? കങ്കണ കുറിച്ചു.

ALSO READ : ബോക്സ് ഓഫീസില്‍ രക്ഷപെടുമോ 'ബ്രഹ്‍മാസ്ത്ര'? റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് നേടിയത്

അതേസമയം ഇന്‍സ്റ്റഗ്രാമിലൂടെയുള്ള അഭിപ്രായ പ്രകടനത്തില്‍ കങ്കണയ്ക്ക് ഒരു അമളിയും പിണഞ്ഞിരുന്നു. ബ്രഹ്‍മാസ്ത്ര മോശം അഭിപ്രായങ്ങളാണ് നേടുന്നതെന്ന് സമര്‍ഥിക്കാന്‍ ഒരു പ്രമുഖ ട്രേഡ് അനലിസ്റ്റിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടും കങ്കണ സ്റ്റോറിക്കൊപ്പം ചേര്‍ത്തിരുന്നു. സുമിത് കദേല്‍ എന്ന സിനിമാ നിരീക്ഷകന്‍റേതെന്ന് കരുതി ചേര്‍ത്ത ട്വീറ്റ് പക്ഷേ അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു വ്യാജ അക്കൌണ്ടില്‍ നിന്നുള്ളതായിരുന്നു. കങ്കണയുടെ പങ്കുവച്ച സ്ക്രീന്‍ ഷോട്ടില്‍ ചിത്രത്തിന് സുമിത് നല്‍കിയിരിക്കുന്നത് ഒന്നര സ്റ്റാര്‍ റേറ്റിംഗ് ആണ്. തന്‍റെ യഥാര്‍ഥ അക്കൌണ്ടില്‍ അദ്ദേഹം നല്‍കിയിരിക്കുന്നത് മൂന്ന് സ്റ്റാര്‍ റേറ്റിംഗും. കങ്കണയുടെ സ്റ്റോറി വൈറല്‍ ആയതോടെ അതില്‍ നിന്ന് തന്‍റെ പേരിലുള്ള വ്യാജ ട്വീറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുമിത് കദേല്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കങ്കണ ഇതുവരെ അത് പിന്‍വലിക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല.

അതേസമയം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ബ്രഹ്മാസ്ത്ര ആദ്യദിനം 35-37 കോടി നേടിയതായാണ് അനൌദ്യോഗിക കണക്കുകള്‍. അന്തര്‍ദേശീയ വിപണിയിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. യുഎസില്‍ ആദ്യദിനം 1 മില്യണ്‍ ഡോളറിനു മുകളില്‍ ചിത്രം നേടിയിട്ടുണ്ട്.