Asianet News MalayalamAsianet News Malayalam

രാഷ്ട്രീയത്തിലിറങ്ങുമോ എന്ന് ചോദ്യം, 'ശ്രീകൃഷ്ണൻ അനു​ഗ്രഹിച്ചാൽ.....'; മറുപടിയുമായി കങ്കണ റണാവത്ത് 

കടലിനടിയിൽ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് സൗകര്യം ഒരുക്കണമെന്നും താരം അഭ്യർത്ഥിച്ചു.

Kangana Ranaut hints entering politics prm
Author
First Published Nov 4, 2023, 9:26 AM IST

അഹമ്മദാബാദ്: രാഷ്ട്രീയ പ്രവേശന സൂചന നൽകി ബോളിവുഡ് ന‌ടി കങ്കണ റണാവത്ത്. ​ഗുജറാത്ത് സന്ദർശനവേളയിലാണ് കങ്കണ റണാവത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.  ശ്രീകൃഷ്ണൻ തന്നെ അനുഗ്രഹിച്ചാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് കങ്കണ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. സോമനാഥ് ജ്യോതിർലിംഗയിലും ദ്വാരകാധീഷ് ക്ഷേത്രത്തിലും കങ്കണ സന്ദർശിച്ചു. അയോധ്യയിൽ ശ്രീരാമ ക്ഷേത്രം സാധ്യമാക്കിയതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെയും താരം പ്രശംസിച്ചു. കടലിനടിയിൽ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് സൗകര്യം ഒരുക്കണമെന്നും താരം അഭ്യർത്ഥിച്ചു.

അതേസമയം, ഒക്ടോബർ 31 ന് ലഖ്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യന്തിനായി കങ്കണ തന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ 'തേജസ്' പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ചിത്രം കാണുന്നതിനിടെ മുഖ്യമന്ത്രി യോഗി വികാരാധീനനായെന്ന് ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം കങ്കണ പറഞ്ഞിരുന്നു.

ദില്ലിയിലെ ഇന്ത്യൻ എയർഫോഴ്‌സ് ഓഡിറ്റോറിയത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും ഒരുക്കി. അതേസമയം, ചിത്രം ബോക്‌സ് ഓഫീസിൽ തകർന്നു. വൻമുതൽ മുടക്കിൽ എത്തിയ ചിത്രം ഇതുവരെ 5.5കോടി രൂപയാണ് ഇതുവരെ നേടിയത്. 

രാജ്യമൊട്ടാകെ ചിത്രത്തിന്‍റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രേക്ഷകര്‍ എത്തേണ്ട ഞായറാഴ്ച പോലും തങ്ങള്‍ക്ക് ലഭിച്ചത് 100 പ്രേക്ഷകരെയാണെന്ന് മുംബൈയിലെ പ്രശസ്ത തിയറ്റര്‍ ആയ ഗെയ്റ്റി ഗാലക്സിയുടെ ഉടമ മനോജ് ദേശായി ബോളിവുഡ് ഹംഗാമയോട് പറഞ്ഞത്. മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിള്‍ റിവ്യൂ പറയുന്നത്. 

Follow Us:
Download App:
  • android
  • ios