കൊവിഡ് ഒരു ജലദോഷപ്പനിആയിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ, രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറയുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണൗട്ട് പങ്കുവച്ച ഏതാനും പ്രസ്ഥാവനകൾ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. കൊവിഡ് വെറും ജലദോഷ പനിയാണെന്നതായിരുന്നു അതിലൊരു പരാമര്‍ശം. പിന്നാലെ കങ്കണയുടെ ഈ പോസ്റ്റ് ഇൻസ്റ്റാ​ഗ്രാം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യം തിരുത്തിയിരിക്കുകയാണ് കങ്കണ. 

കൊവിഡ് ഒരു ജലദോഷപ്പനിആയിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ, രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറയുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണയുടെ അഭിപ്രായം.

കങ്കണയുടെ വാക്കുകള്‍

കൊവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ രോഗം ഭേദമാകുന്ന ഘട്ടത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു.

ചെറുപ്പം മുതലെ നമുക്ക് എന്തെങ്കിലും രോഗം വന്ന് ഭേദമാകാന്‍ തുടങ്ങിയാല്‍ പിന്നെ രോഗമുക്തി എളുപ്പം സംഭവിക്കും. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ അങ്ങനെയല്ല. രോഗം ഭേദമായി തുടങ്ങിയെന്ന് നമ്മുടെ ശരീരത്തെ വൈറസ് വിശ്വസിപ്പിക്കും. എന്നാല്‍ നമ്മള്‍ എന്തെങ്കിലും ചെയ്ത് തുടങ്ങിയാല്‍ വീണ്ടും രണ്ട് ദിവസത്തിന് പൂര്‍ണ്ണമായും ക്ഷീണിതയാവും. പഴയ അവസ്ഥയിലേക്ക് പോകും. എനിക്ക് വീണ്ടും ജലദോഷവും, തോണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇത് രണ്ട് മൂന്ന് തവണ സംഭവിച്ചു.

കൂടാതെ കൊറോണ കാരണം വരുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഈ വൈറസ് മറക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ആദ്യം രോഗം ഭേദമായാലും ചിലര്‍ ശരീരത്തിലെ ആന്തരിയ അവയവങ്ങള്‍ക്ക് പ്രശ്‌നം സംഭവിച്ച് മരണപ്പെടുന്നത്. അതിനാല്‍ രോഗമുക്തിയുടെ സമയമാണ് ഏറ്റവും പ്രധാനം. കാരണം വൈറസ് ആ സമയത്താണ് ശരീരത്തെ തളര്‍ത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona